ഇന്ത്യയും ഒമാനും സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു. വസ്ത്രം, കാർഷികം, തുകല്‍ തുടങ്ങിയ ഇന്ത്യൻ ഉത്പനങ്ങള്‍ക്ക് ഇതോടെ നികുതിരഹിതമായി ഒമാനിലെ വിപണി തുറന്നുകിട്ടും.ഈത്തപ്പഴം, മാർബിള്‍, പെട്രോകെമിക്കല്‍ വസ്തുക്കള്‍ തുടങ്ങിയ ഒമാൻ ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കും. അടുത്ത കലണ്ടർ വർഷം ആദ്യപാദത്തില്‍ കരാർ പ്രാബല്യത്തില്‍ വരും.യുഎസ് ഇന്ത്യക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തിയ ഘട്ടത്തിലാണ് ഒമാനുമായുള്ള സഹകരണമെന്നതു ശ്രദ്ധേയമാണ്.
മസ്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അല്‍ യൂസഫും കരാറില്‍ ഒപ്പുവച്ചു.ഇന്ത്യയുടെ ഒമാനിലേക്കുള്ള കയറ്റുമതിയുടെ 99 ശതമാനവും തീരുവരഹിതമാകുമെന്നതാണ് കരാറിന്റെ പ്രത്യേകത. രത്നങ്ങളും ആഭരണങ്ങളും, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോർട്സ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, ഫർണിച്ചറുകള്‍, കാർഷികോത്പന്നങ്ങള്‍, ഫാർമസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈലുകള്‍ എന്നിവയുടെ കയറ്റുമതി പൂർണമായും തീരുവരഹിതമാകും.

ഒമാനില്‍നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയുടെ 94.81 ശതമാനത്തിനും കരാറിന്റെ ഭാഗമായി തീരുവ കുറയും.പാല്‍, ചായ, കാപ്പി, റബർ, പുകയില ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാർഷികോത്പന്നങ്ങള്‍ സംരക്ഷിത പട്ടികയില്‍പ്പെടുത്തി തീരുവ ഇളവ് നല്‍കാതെ നിലനിർത്തിയിട്ടുണ്ട്.
അക്കൗണ്ടിംഗ്, വാസ്തുവിദ്യ, മെഡിക്കല്‍, അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രഫഷണലുകള്‍ക്ക് ഒമാനില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് കരാർ വ്യവസ്ഥ ചെയ്യുന്നു.ഒമാനിലെ പ്രധാന സേവന മേഖലകളില്‍ ഇന്ത്യൻ കമ്ബനികള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും കരാറിലൂടെ അവസരമൊരുങ്ങും.













