‘ഇന്ത്യയിലെ ആരും അത് പൈലറ്റിന്റെ തെറ്റാണെന്ന് വിശ്വസിക്കുന്നില്ല’; അഹമ്മദാബാദ് വിമാനാപകടത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടം പൈലറ്റിന്റെ പിഴവല്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. പൈലറ്റിന്റെ പിഴവുമൂലമാണ് അപകടമെന്ന് രാജ്യത്ത് ആരും വിശ്വസിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.


എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ കമാന്‍ഡറായിരുന്ന പൈലറ്റിനെതിരെ ഒരു തെറ്റും ആരോപിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഹാജരായത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന നിലവിലെ അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ലെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.


‘ഈ അപകടം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ വഹിക്കേണ്ടതില്ല. ആര്‍ക്കും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല’, ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

അന്വേഷണങ്ങളില്‍ നിഷ്പക്ഷത വേണമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നവംബര്‍ 10 ന് കേസ് വീണ്ടും പരിഗണിക്കും.


Sharing is Caring