തൊടുപുഴ: ഇടതുപക്ഷരാഷ്ട്രീയത്തില്‍ ഒന്നുമില്ലാതെ കടന്നുവരുന്നവരില്‍ പലരും ലക്ഷാധിപതികളും കോടിപതികളുമായി മാറുന്നത് ജനങ്ങള്‍ കാണുകയാണെന്ന് സി.പി.ഐ.
സംസ്ഥാന കൗണ്‍സിലംഗം കെ.കെ.ശിവരാമൻ. ശിവരാമൻ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് പരാമർശമുള്ളത്.
‘രാഷ്ട്രീയത്തെ ലാഭകരമായ ബിസിനസ് ആക്കി മാറ്റുന്നവരുടെ എണ്ണം ഇടതുപക്ഷത്ത് പോലും കൂടിവരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് പരാജയത്തെ സത്യസന്ധമായി വിലയിരുത്തുമ്ബോള്‍ ഈ നഗ്നയാഥാർഥ്യം തിരിച്ചറിയാനുള്ള കമ്മ്യൂണിസ്റ്റ് ബോധം നഷ്ടപ്പെടുത്തരുത്. വർഗശത്രുവിനെതിരേയും സ്വന്തം പ്രസ്ഥാനത്തിനുള്ളില്‍നിന്ന് പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്ന വർഗവഞ്ചകർക്ക് നേരെയും നീട്ടിപ്പിടിക്കുന്ന തോക്കുകള്‍ കമ്മ്യൂണിസ്റ്റുകാരന്റെ കൈയില്‍ ഉണ്ടാകണമെന്ന ലെനിന്റെ വാക്കുകള്‍ മറക്കരുത്’- ശിവരാമൻ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തൊഴിലാളികളെയും ചെറുപ്പക്കാരെയും കൃഷിക്കാരെയും വിദ്യാർഥികളെയും ആവേശം കൊള്ളിച്ച പി.കെ.വാസുദേവൻ നായരെയും കെ.ആർ.ഗൗരിയമ്മയെയും പോലുള്ളവർ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം മാതൃകകള്‍ ഇല്ലെന്നും ശിവരാമൻ പറയുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ സി.പി.എമ്മിനെ ശിവരാമൻ വിമർശിച്ചിരുന്നു. എല്‍.ഡി.എഫ്.ഇടുക്കി ജില്ലാ കണ്‍വീനറായിരുന്ന ശിവരാമനെ കഴിഞ്ഞദിവസം സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.