താന്‍ ആവശ്യമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലന്ന് ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍. സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിരുന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കാലത്തിന് വിരാമമായാണ് ശുഭാംഗര്‍ സര്‍ക്കാരിന്റെ പുതിയ സ്ഥാനലബ്ദിയെ വായിക്കപ്പെടുന്നത്.
തന്നെ സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി സംസ്ഥാനത്തെ ജനാധിപത്യ ഇടം സംരക്ഷിക്കുന്നുണ്ടെങ്കില്‍, താന്‍ അനാവശ്യമായി തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലെന്ന് ശുഭാംഗര്‍ സര്‍ക്കാര്‍ പറഞ്ഞു.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രാഥമികമായ കര്‍ത്തവ്യം. ഇടതുപാര്‍ട്ടികളോടൊപ്പം ചേരണോ തൃണമൂലിനോടൊപ്പം ചേരണോ എന്നതില്‍ കേന്ദ്രീകരിക്കലല്ലെന്നും ശുഭാംഗര്‍ സര്‍ക്കാര്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളുമായും മുന്‍ അദ്ധ്യക്ഷന്‍മാരായ അധിര്‍ രഞ്ജന്‍ ചൗധരിയുമായും പ്രദീപ് ഭട്ടാചാര്യയുമായും ചര്‍ച്ച ചെയ്ത് താന്‍ പാര്‍ട്ടി കാര്യങ്ങള്‍ നയിക്കും. തങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി കാണിച്ച് തന്നെ വഴിയിലൂടെ നടക്കും. ആരെയും ഭയപ്പെടാതെയും ആരെയും ഭയപ്പെടുത്താതെയും, ശുഭാംഗര്‍ സര്‍ക്കാര്‍ പറഞ്ഞു.