ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി ജപ്പാൻ


kozhikode news

യുദ്ധത്തിന്റെ മുറിവുകള്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ജപ്പാൻ, യുദ്ധവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു.ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം ജപ്പാൻ എടുത്തുനീക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജപ്പാന്റെ പ്രതിരോധ നയങ്ങളിലെ പ്രധാന മാറ്റമാണിത്. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനു പ്രധാനമന്ത്രി സനേ തകായിച്ചിയുടെ മന്ത്രിസഭ അംഗീകാരം നല്‍കി.


ജപ്പാൻ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലുകള്‍, ഡ്രോണുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇതോടെ ഇല്ലാതായി.പതിറ്റാണ്ടുകളായി സമാധാനപക്ഷത്തു നിലയുറപ്പിച്ചിരുന്ന ജപ്പാന്റെ നിലപാടുകളിലെ വലിയൊരു ചുവടുമാറ്റമാണിത്. ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണികള്‍ നിലനില്‍ക്കുന്നതിനാലാണു ജപ്പാൻ ചുവടുമാറ്റുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്.

online news portal

നയത്തിലെ മാറ്റത്തെ ചൈന വിമർശിച്ചു. എന്നാല്‍ ഓസ്ട്രേലിയ പോലുള്ള ജാപ്പനീസ് പ്രതിരോധ പങ്കാളികള്‍ ഇതിനെ സ്വാഗതം ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തര യുദ്ധവിരുദ്ധ ഭരണഘടന പ്രകാരം ജപ്പാൻ ആയുധ കയറ്റുമതി നിരോധിച്ചിരുന്നു.വർധിച്ചുവരുന്ന ആഗോള, പ്രാദേശിക സംഘർഷങ്ങള്‍ കാരണം സമീപകാലത്ത് ഏതാനും മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍, കയറ്റുമതി അഞ്ച് മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. പുതിയ നിയമപ്രകാരം ആ പരിധികള്‍ കൂടി ഒഴിവാക്കി.യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, യുദ്ധക്കപ്പലുകള്‍ തുടങ്ങിയവയുടെ കയറ്റുമതി അനുവദിക്കുകയും ചെയ്തു.

അടുത്തിടെ യുക്രെയ്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്യാസ് മാസ്കുകളും സിവിലിയൻ വാഹനങ്ങളും നല്‍കിയിരുന്നു. ഫിലിപ്പീൻസിന് ഇന്റലിജൻസ് റഡാറും നല്‍കി. ഇതെല്ലാം ജപ്പാന്റെ പരമ്പരാഗത നയത്തില്‍നിന്നുള്ള വ്യതിയാനങ്ങളുടെ തുടക്കമായിരുന്നു.നിലവില്‍, ജപ്പാനുമായി പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റ കരാറുകളുള്ള 17 രാജ്യങ്ങളിലേക്ക് മാത്രമേ കയറ്റുമതി അനുവദിക്കൂ. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരവും ലഭിക്കണം, കൈമാറിയ ആയുധങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് സർക്കാർ നിരീക്ഷിക്കും.

മൂന്നാം രാജ്യങ്ങള്‍ക്ക് കർശനമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആയുധങ്ങള്‍ വില്‍ക്കുകയുള്ളൂ. യുദ്ധത്തില്‍ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കില്ല എന്നാല്‍ ഈ നിയന്ത്രണങ്ങളും ആവശ്യമായാല്‍ മാറ്റാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 2014 മുതല്‍ ചില സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാൻ ജപ്പാൻ തുടങ്ങിയിരുന്നു.



Sharing is Caring