ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്


Ayyappa sangamam audit report

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നടക്കാത്ത ഭജനയുടെ പേരിൽ, നന്ദഗോവിന്ദം ഭജൻസിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലിൽ പറയുന്നു.​


ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവായി. കോർണർ സോഫയ്ക്ക് 65000. പമ്പ ​ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികൾ ദേവസ്വം സ്വത്തായി മാറ്റി. എന്നാൽ ഇത് എങ്ങോട്ട് മാറ്റി എന്നതിൽ വ്യക്തതയില്ല. ടാക്‌സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായി.ആഗോളഅയ്യപ്പ സംഗമത്തിൽ പമ്പയിൽ പ്രധാന വേദിയിൽ നന്ദഗോവിന്ദം ഭജൻസ് ഭജന നടത്തിയെന്നാണ് രേഖയിൽ പറയുന്നത്.

online news portal

എന്നാൽ അന്ന് നന്ദഗോവിന്ദം ഭജൻസ് പമ്പയിലോ ശബരിമലയിലേക ഭജന നടത്തിയിട്ടില്ല. അന്ന് നടന്നത് ഭക്തി ഗാന സദസ് ആയിരുന്നു. പ്രധാന വേദിയിൽ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവും സംഘവുമായിരുന്നു. ഈ പരിപാടി അടക്കം കലാപരിപാടിക്ക് വകയിരുത്തിയത് രണ്ട് ലക്ഷം രൂപയാണ്. ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ കണക്കില്ല.

അയ്യപ്പ സംഗമ ദിവസം വൈകിട്ടാണ് ഈ ഗായകർ അയ്യപ്പഗാനമേള അവതരിപ്പിച്ചത്. അവർക്ക് പണം നൽകിയതിന്റെ കണക്കില്ല. പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ കൊടുത്ത് തീർത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീർക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ്.



Sharing is Caring