അർജുന്റെ മൃതദേഹം ഷിരൂരിൽ നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഷിരൂരിൽ നിന്നും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധനയ്ക്കായി അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും.എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി കരയിലെത്തിക്കാനുള്ള ശ്രമം രാവിലെ എട്ടിന് ആരംഭിക്കും. ഇന്നലെ ക്രെയിൻ ഉപയോഗിച്ച് കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.കാണാതായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുള്ള തെരച്ചിലാണ് തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ മൃതദേഹം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയത് തെരച്ചിലിന്‍റെ 72ാം ദിനത്തിലാണ്. മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് ഈ നിര്‍ണായക കണ്ടെത്തലുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *