അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി


n6968094631768274567234895f49aeb117725089f325b5c3ab1da155ca13beb1d5b078f5de9a64b9bb4ce7

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച്‌ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്.അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്ബോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നും രാഹുലിനെതിരെ ഉയർന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ടെന്നും അവർ വ്യക്തമാക്കി. രാഹുലിനൊപ്പം താൻ ഉറച്ചുനില്‍ക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി ചൂണ്ടിക്കാട്ടി.


മൂന്നാമത്തെ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്ബോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നല്‍കിയെന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചുവെന്നുമുള്ള മൊഴികള്‍ കേള്‍ക്കുമ്ബോള്‍ സ്വാഭാവികമായും സംശയം തോന്നുന്നുണ്ടെന്ന് അവർ പറഞ്ഞു.സ്ത്രീകള്‍ കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് വില കല്‍പ്പിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. രാഹുല്‍ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ.


പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തത്, എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ അദ്ദേഹത്തെ ക്രൂശിക്കരുത്. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിജീവിതന്മാർക്കൊപ്പം നില്‍ക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇരുപക്ഷത്തിനും തുല്യ പരിഗണന ലഭിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ ആവശ്യപ്പെട്ടു. നേരത്തെ സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ ശ്രീനാദേവി മുൻപും രാഹുലിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു.



Sharing is Caring