
കൊച്ചി: കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെതിരായ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആര്‍എസ്എസിന്റെ ചട്ടുകമായി വിസിയും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും പ്രവര്‍ത്തിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അയോധ്യയിലെ ശിലാന്യാസത്തില്‍ പങ്കെടുത്ത് വന്നതിനു പിന്നാലെ നേടിയതാണ് വിസി പദവിയെന്നും മന്ത്രി വിമര്‍ശിച്ചു. കോഫി വിത്ത് അരുണിലായിരുന്നു ആര്‍ ബിന്ദുവിന്റെ പ്രതികരണം.
കാവിക്കൊടി പിടിച്ച് നില്‍ക്കുന്ന ഭാരതാംബ ജനാധിപത്യ ഇന്ത്യയുടേതല്ല. ആര്‍എസ്എസിന്റെ ബിംബങ്ങളെ കേരളത്തിന്റെ പൊതുഇടത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവര്‍ണര്‍ വന്നതോടെ അത് അനായാസം നടക്കുകയാണ്. മതനിരപേക്ഷ അന്തരീക്ഷം നിലനിന്നു പോകേണ്ട ഇടമാണ് സര്‍വ്വകലാശാലകള്‍. ഉന്നതവിദ്യാഭ്യാസമേഖലയിലെ മുന്നേറ്റങ്ങളെ പിന്തുണയ്ക്കാതെ എതിര്‍ക്കാന്‍ ബോധപൂര്‍വ്വമായി ശ്രമം നടത്തുന്നു’, മന്ത്രി പറഞ്ഞു.

