അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തെ ബെൻഡിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. അഞ്ച്, എട്ട്, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആക്രമണം നടത്തിയ 16കാരനെയും സ്കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്രമിയെ പ്രദേശവാസിയായ ഒരാൾ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തിൽ ഏഴ് വയസ്സുള്ള ഒരു കുട്ടിക്കും മറ്റൊരു അധ്യാപകനും പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്കൂളിൽ വെടിവയ്പുണ്ടായത്. സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് നേരെ അപരിചിതനായ ഒരാൾ വെടിയുതിർത്തതായാണ് പൊലീസിന് ആദ്യം വിവരം ലഭിച്ചത്. പിന്നാലെ അക്രമി സ്കൂളിനുള്ളിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു.
സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും അക്രമി കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പിന്തുടർന്ന് സ്കൂളിനുള്ളിൽ പ്രവേശിച്ച പ്രദേശവാസിയുടെ വെടിയേറ്റാണ് 16കാരൻ മരിച്ചതെന്ന് ബെൻഡ് പൊലീസ് ചീഫ് മൈക്ക് ക്രാന്റ്സ് വ്യക്തമാക്കി. സംഭവത്തിൽ എഫ്ബിഐയും പ്രാദേശിക പൊലീസും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.













