അമേരിക്കയിൽ എയര്‍ ഷോയ്ക്കിടെ രണ്ടു യുഎസ് നേവി യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു


അമേരിക്കയിലെ മൗണ്ടേന്‍ ഹോം എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന എയര്‍ ഷോയ്ക്കിടെ രണ്ടു യുഎസ് നേവി യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു.അപകടത്തില്‍പ്പെട്ട വിമാനങ്ങളിലുണ്ടായിരുന്ന നാലു ക്രൂ അംഗങ്ങളും പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


യുഎസ് നേവിയുടെ ഇലക്‌ട്രോണിക് അറ്റാക്ക് സ്‌ക്വാഡ്രണ്‍ 129ല്‍ ഉള്‍പ്പെട്ട രണ്ടു ഇഎ18ജി ഗ്രൗളര്‍ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനങ്ങള്‍ ഒരുമിച്ച്‌ കറങ്ങി താഴേക്ക് പതിച്ചു. നിലത്തേക്ക് പതിച്ചയുടന്‍ വിമാനങ്ങള്‍ക്ക് തീപിടിക്കുകയും ശക്തമായ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് മൗണ്ടന്‍ ഹോം എയര്‍ഫോഴ്‌സ് ബേസ് അധികൃതര്‍ താവളം അടച്ചുപൂട്ടി.


എയര്‍ ഷോയിലെ ശേഷിച്ച പരിപാടികളും റദ്ദാക്കി.സാധാരണയായി ഇത്തരത്തിലുള്ള വായുമധ്യ കൂട്ടിയിടികളില്‍ രക്ഷപ്പെടാന്‍ പൈലറ്റുകള്‍ക്ക് അവസരം ലഭിക്കാറില്ലെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച ശേഷവും കുറച്ച്‌ നേരം വായുവില്‍ കോര്‍ത്തുനിന്നതുകൊണ്ടാണ് ക്രൂ അംഗങ്ങള്‍ക്ക് പുറത്തേക്ക് ചാടാന്‍ സമയം ലഭിച്ചതെന്നാണ് വിലയിരുത്തല്‍. പ്രാഥമിക അന്വേഷണത്തില്‍ സാങ്കേതിക തകരാറിനേക്കാള്‍ വിമാനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ യുഎസ് നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring