അന്തരിച്ച മുന്‍ എംഎല്‍എ പി. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വിട്ടുതരില്ലെന്ന് കുടുംബം

അന്തരിച്ച മുന്‍ എംഎല്‍എ പി. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വിട്ടുതരില്ലെന്ന് കുടുംബം. പാര്‍ട്ടിയില്‍നിന്ന് രാജുവിന് നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മൃതദേഹം പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാര ചടങ്ങുകളില്‍ സിപിഐ ജില്ല നേതാക്കള്‍ പങ്കെടുക്കുന്നതില്‍ അതൃപ്തി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.ഇന്ന് രാവിലെ എട്ടിന് എറണാകുളത്തെ മോര്‍ച്ചറിയില്‍നിന്ന് പറവൂരിലെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനത്തിന് വെക്കുന്നത്. അടുത്തു തന്നെയുള്ള സിപിഐ താലൂക്ക് ആസ്ഥാനമായ എന്‍. ശിവന്‍പിള്ള സ്മാരകത്തില്‍ പൊതുദര്‍ശനവും പാര്‍ട്ടി പതാക പുതപ്പിക്കലും വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തെ രാജുവിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്.

ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയശേഷം സംസ്ഥാന- ജില്ല നേതൃത്വങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി മാനസികമായി തളര്‍ത്തിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായി പറയുന്നത്.ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന് സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പി. രാജുവിന്റെ (73) അന്ത്യം. രണ്ട് തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. 1991ലും 1996ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *