നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍. അനാവശ്യമായ പ്രസ്താവനയാണ് നടത്തിയത്. പദവിക്ക് അനുസരിച്ചുള്ള പ്രസ്താവനകള്‍ നടത്തണമെന്ന് മുരളീധരന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ല. അതിജീവിതക്ക് നീതി കിട്ടണം. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവേ കെ മുരളീധരന്‍ പറഞ്ഞു.
ദിലീപിനെ കോടതി വെറുതെ വിട്ടതില്‍ അദ്ദേഹത്തിന് നീതി ലഭ്യമായി എന്നുള്ളതാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായ അഭിപ്രായം എന്നായിരുന്നു അടൂര്‍ പ്രകാശ് ഇന്നലെ രാവിലെ നടത്തിയ പ്രതികരണം. എന്നാല്‍, മണിക്കൂറുകള്‍ക്കകം അദ്ദേഹം മലക്കം മറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമായെന്നുമാണ് അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുറെ പോലീസുകാര്‍ ഉണ്ടാക്കിയെടുത്ത കേസാണിതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി അറസ്റ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വിധി വന്ന ശേഷമുള്ള പല തരം അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ തനിക്കും അങ്ങനെയൊക്കെ തോന്നി എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.
‘സര്‍ക്കാരിന് വേറെ ഒരു ജോലിയുമില്ലല്ലോ. ഏത് കേസ് കിട്ടിയാലും ഏതൊക്കെ തരത്തില്‍ ആരെയൊക്കെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്.’- സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.













