അങ്കോലയില്‍ തിരച്ചിലിനിടെ പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ

അങ്കോലയില്‍ തിരച്ചിലിനിടെ പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.

ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെർച്ച്‌ ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു.

നിലവില്‍ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച്‌ ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത്
ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.

കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോർ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *