പയ്യോളിയുടെ സിന്ധു; വിജയത്തിന്റെയും

sindhuഒരു നല്ല കായിക താരത്തിന് നല്ലൊരു ഭരണാധികാരിയാവാനാവും. ഏകാഗ്രമായ മനസും ഊര്‍ജ്വസ്വലതയും മികച്ച ഭരണത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്. പയ്യോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു ഇത്തരമൊരു വ്യക്തി പ്രഭാവമാണ്. നല്ലൊരു കായിക താരവും നേതൃപാടവമുള്ള ഭരണാധികാരിയുമാണവര്‍. പയ്യൊളിയെ സമഗ്രവികസനസ്വപനത്തിലേക്ക് കൈപിടിച്ചു നടത്തുന്നത് അവരാണ്.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പില്‍ പയ്യോളു നേരിട്ടത് കൂട്ടുകക്ഷി ഭരണമാണ്. ആദ്യത്തെ രണ്ടരവര്‍ഷം ലീഗ് ഭരണത്തിനുശേഷം പയ്യോളിയെ നയിക്കുക എന്ന നിയോഗത്തിലേക്ക് സിന്ധുവെത്തിയിട്ട് ഇത് എട്ടാംമാസമാണ്. ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളിലൊന്നും പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ ജീവതമൊന്നും സിന്ധുവിന് പരിചയമില്ലായിരുന്നു. എന്നിട്ടും ഇങ്ങനെയെല്ലാമായത് ഒരു നിയോഗം എന്നുതന്നെയാണ് ഇവര്‍ കരുതുന്നത്. 1980ല്‍ നാദാപുരത്തായിരുന്നു ജനനം. പട്ടാളക്കാരനായ ആര്‍ കെ പദ്മനാഭന്റെയും തങ്കമണിയുടേയും രണ്ടാമത്തെ മകള്‍. പള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ബ്രണ്ണന്‍ കോളജ് എന്നിവടങ്ങളിലായിരുന്നു പഠനം. കോമേഴ്‌സായിരുന്നു വിഷയം. അതില്‍ ബിരുദാനന്തരബിരുദവും നേടി. ഇതിനിടെ വോളിബോളിനോട് ഇഷ്ടം തോന്നിയാണ് ഏഴാംക്ലാസ് മുതല്‍ കളിതുടങ്ങിയത്. കോളജ് പഠനകാലത്ത് സംസ്ഥാനതല വോളിബോള്‍ ടീം ക്യാപ്റ്റനായി സിന്ധു. പയ്യോളിക്കാരനായ അജിത്തിനെ വിവാഹം ചെയ്ത് ഖത്തറിലേക്ക് പറന്ന സിന്ധുവിന്റെ ജീവിതം പാടെ മാറി.
ഏഴുവര്‍ഷത്തെ പ്രവാസ ജിവതത്തിനൊടുവില്‍ ഒരു ബ്രേക്കെടുക്കാനാണ് സിന്ധു വീണ്ടും നാട്ടിലെത്തിയത്. പക്ഷെ അതൊരു മാറ്റത്തിന്റെ ബ്രേക്കായിരുന്നു. ജീവിതം പിന്നെയും മാറുന്നത് സിന്ധുവറിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് പോലും വളരെ ആകസ്മികമായിരുന്നു. 2005-06 വര്‍ഷങ്ങളില്‍ വാര്‍ഡ് മെംബറായി. ബ്ലോക്ക് മെംബര്‍, വാര്‍ഡ് മെംബര്‍ എന്നീ നിലകളില്‍ സിന്ധു തന്റെ കര്‍ത്തവ്യങ്ങള്‍ വളരെ കൃത്യമായി നിര്‍വഹിച്ചു. ലീഗിന്റെ രണ്ടരവര്‍ഷക്കാലത്തെ ഭരണസമയത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു.പയ്യോളിയുടെ മിടിപ്പറിയാന്‍ അത് ഏറെ ഗുണകരമായി.
മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ ഗ്രാമങ്ങളുടെ വികസനത്തിനായി പഞ്ചായത്ത് പാസാക്കിയ ആറുകോടി ഫലവത്തായ രീതിയില്‍ ഉപയോഗപ്പെടുത്തണം, റോഡിന്റെ അറ്റകുറ്റപ്പണി, വഴിവിളക്കുകള്‍, ഗതാഗതപ്രശ്‌നങ്ങളുടെ പരിഹാരം എല്ലാം സിന്ധുവിന്റെ ലിസ്റ്റിലുള്ളതാണ്. വര്‍ഷങ്ങളായി പയ്യോളി നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതുണ്ട്.സ്വന്തമായൊരു മല്‍സ്യമാര്‍ക്കറ്റും പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുണ്ട്. പയ്യോളി ബീച്ച് റോഡിന്റെ പരിതാപകരമായ അവസ്ഥയ്ക്കും മാറ്റമുണ്ടാവണമെന്നാണ് സിന്ധുവിന്റെ ആശ. ബീച്ച് റോഡില്‍ സൗന്ദര്യവല്‍ക്കരണവും ആലോചനയിലുണ്ട്.
വിവിധ ഭവനപദ്ധതികളിലായി 121ഓളം വീടുകള്‍ ഭവനരഹിതര്‍ക്കായി നല്‍കാന്‍ കഴിഞ്ഞതും ഈ വനിതാ സാരഥിയുടെ നേട്ടമാണ്. പയ്യോളിയിലെ 23 വാര്‍ഡുകളിലേയും അറ്റകുറ്റപ്പണിക്കായി മൂന്നുകോടി രൂപ ചെലവിടും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് പഞ്ചായത്ത് ഭൂമിയില്‍ ഒരു പാര്‍പ്പിട സമുച്ചയവും സിന്ധുവിന്റെ ഭരണം ലക്ഷ്യമിടുന്നു. സ്വന്തമായി കൃഷി ഭൂമിയില്ലാത്ത കര്‍ഷകരെ സംഘടിപ്പിച്ച് തരിശ്ശുഭൂമികള്‍ കണ്ടെത്തി അവ പാട്ടത്തിനെടുത്ത് കൃഷി നടത്താനുള്ള ശ്രമവും നടത്തിവരുന്നു.
നിലവില്‍ 60 എസ് സി വനിതകള്‍ക്ക് ഖാദി നൂല്‍നൂല്‍പ്പ് പരിശീലനം നടത്തുവാന്‍ ഗ്രാമപഞ്ചായത്തും ജില്ലാപഞ്ചായത്തും തീരുമാനിച്ചുകഴിഞ്ഞു. മുടങ്ങിക്കിടക്കുന്ന ഫാഷന്‍ ഡിസൈനിങ് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാണ് സിന്ധുവിന്റെ ആഗ്രഹം. സ്ത്രീക സുരക്ഷയ്ക്കായി എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഉറപ്പാക്കും. വനിതകള്‍ക്കായി കരാട്ടെ പരിശീലനം ആരംഭിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
പയ്യോളിയുടെ ഹൃദയമിടിപ്പറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സിന്ധു സദാ മുന്നിലുണ്ട്. തന്റെ പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ ഭര്‍ത്താവും കുടുംബവുമാണ് ഇപ്പോള്‍ തന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് സിന്ധുവിന്റെ സാക്ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *