നമ്മുടെ കുഞ്ഞുങ്ങള്‍ ഡോക്ടറും എഞ്ചിനീയറുമാകണമെന്ന് എന്തിന് ശാഠ്യം പിടിക്കുന്നു?

വീണ്ടും ഒരു എസ് എസ് എല്‍ സി റിസള്‍ട്ട് കാലം എത്തിയിരിക്കുന്നു. ഇത്തവണ 95.47 ശതമാനം കുട്ടികളാണ് തുടര്‍പഠനത്തിനായി യോഗ്യത നേടിയിരിക്കുന്നത്. മിടുമിടുക്കന്മാരായ 14802 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചിരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ എല്ലാ വിഷയത്തിനും വിജയിച്ച 4,42,608 പേര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഇനിയുള്ള ചുമതല.
കുറച്ചുപേര്‍ ദേശീയ-അന്തര്‍ദേശീയ മേഖലകളിലുള്ള സ്ഥാപനങ്ങളില്‍ തുടര്‍പഠനം നടത്തുമെങ്കിലും 99.9 ശതമാനം പേരും കേരളത്തില്‍ തന്നെ പ്ലസ്ടു തലത്തിലുള്ള കോഴ്‌സുകള്‍ക്കായിരിക്കും ചേരുക. മുമ്പെന്നത്തെയും പോലെ സയന്‍സ് വിഷയം തെരഞ്ഞെടുക്കാനായിരിക്കും ഒട്ടുമുക്കാല്‍ കുട്ടികളുടെയും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും താല്‍പര്യം.
മക്കള്‍ ഡോക്ടറാകണമെന്നാണ് എല്ലാ കേരളീയന്റെയും ഏറ്റവും കുറഞ്ഞ ആഗ്രഹം. ഡോക്ടര്‍ ആകാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞത് എഞ്ചിനീയറെങ്കിലും ആകണം. എന്നാല്‍ കുട്ടികളുടെ താല്‍പര്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കൂട്ടത്തോടെ സയന്‍സ് ക്ലാസിലേക്ക് അഡ്മിഷന്‍ തരപ്പെടുത്തി ഏതെങ്കിലും എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളിലേക്ക് പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ആട്ടിത്തെളിക്കുകയായിരിക്കും ഇനി ഇവര്‍ കുട്ടികളെ. തങ്ങളുടെ കുഞ്ഞിന് സയന്‍സ് വിഷയം നന്നായി പഠിക്കാന്‍ കഴിയുമോ എന്നോ വരാനിരിക്കുന്ന എന്‍ട്രന്‍സ് എന്ന മഹാദുരിതക്കയം നീന്തിക്കയറാന്‍ ഇവര്‍ക്കാകുമോ എന്ന് വിലയിരുത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
ജീവിതവിജയം നേടുന്നവരില്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉണ്ടെങ്കിലും വിജയസാധ്യതകള്‍ ഏറെയുള്ള എത്രയോ പ്രഫഷനുകള്‍ ഭാവിതലമുറയുടെ മുന്നില്‍ തുറന്നുകിടക്കുകയാണ്. അതെക്കുറിച്ച് മഹാഭൂരിപക്ഷവും ബോധവാന്‍മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ രാജ്യത്ത് മികച്ച ഗവേഷകര്‍ ഇല്ലെന്ന് തുറന്നുപറഞ്ഞവരില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം വരെ ഉള്‍പ്പെടും. എല്ലാവിഷയങ്ങള്‍ക്കും അതിന്റേതായ അനന്തസാധ്യതകളുണ്ട്. എന്തിലായായാലും മികച്ച വിജയം ഉറപ്പാക്കാന്‍ കഠിനാധ്വാനവും ആത്മാര്‍പ്പണവും വേണമെന്ന് മാത്രം.
നമ്മുടെ നാടിന് നല്ല ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും മാത്രമല്ല വേണ്ടത്. നല്ല അധ്യാപകര്‍, ഗവേഷകര്‍, നിയമജ്ഞര്‍, സിവില്‍ സര്‍വ്വീസുകാര്‍, സൈനികര്‍, ഭരണകര്‍ത്താക്കള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബാങ്കിംഗ്-ഇന്‍ഷുറന്‍സ്-ഷെയര്‍മാര്‍ക്കറ്റ് പ്രഫഷണലുകള്‍, അക്കൗണ്ടിംഗ് വിദ്ഗ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ തുടങ്ങി എത്രയോ മികച്ച അവസരങ്ങളാണ് മുന്നിലുള്ളത്. നാനാമേഖലകളിലും മിടുമിടുക്കരായ ആളുകളെ ആവശ്യമാണ്.
ഓരോ കുട്ടിക്കും, അവന് അഥവാ അവള്‍ക്ക് എന്താകാനാണോ ആഗ്രഹമെന്ന് കൃത്യമായി മനസിലാക്കി അവരെ ഇഷ്ടമുള്ള മേഖലകളിലേക്ക് വഴിതിരിച്ചുവിടുകയാണ് വേണ്ടത്. മികച്ച ഉന്നത വിദ്യാഭ്യാസങ്ങളിലേക്ക് അവരെ എത്തിക്കാനുള്ള മുന്നൊരുക്കങ്ങളാണ് പത്താം ക്ലാസ് പാസായതിന് ശേഷം അവര്‍ക്ക് നല്‍കേണ്ടത്. അതിന് മാതാപിതാക്കളാണ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്കും ഏറെക്കാര്യങ്ങള്‍ ചെയ്യാനാകും. മികച്ച കരിയര്‍ ഗൈഡന്‍സ്-കരിയര്‍ കൗണ്‍സിലിംഗ് സംവിധാനം ഇതിനായി ഒരുക്കണം. ഇതിന് സര്‍ക്കാരിന്റെയും സന്നദ്ധസംരംഭങ്ങളുടെയും പിന്തുണ ആവശ്യമാണ്. കുഞ്ഞുങ്ങള്‍ ചുമടുതാങ്ങികളല്ല. അവര്‍ ആഹ്ലാദത്തോടെയും പൂര്‍ണമനസ്സോടെയും അവരുടെ തുടര്‍പഠനപ്രവര്‍ത്തനങ്ങള്‍ നടത്തട്ടെ!

Spread the love

Leave a Reply

Your email address will not be published. Required fields are marked *