ഷവോമി ബാന്‍ഡ് 5 വിപണിയിലേക്ക്

ഷവോമിയുടെ എംഐ ബാന്‍ഡ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലേക്ക്. Mi Band 5വിന്റെ ചിത്രങ്ങള്‍ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. ജൂലൈ 11ന് എംഐ ബാന്‍ഡ് 5 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവില്‍ വിപണിയിലുള്ള എംഐ ബാന്‍ഡ് 4ന്റെ പുതിയ മോഡലാണ് ബാന്‍ഡ് 5. ഡിസൈനില്‍ Mi Band 4ല്‍ നിന്നും കാര്യമായ മാറ്റം പുതിയ ബാന്‍ഡിനില്ല. പതിവ് കറുത്ത നിറത്തിലുള്ള സ്ട്രാപ്പിനൊപ്പം പച്ച, ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള സ്ട്രാപ്പുകളും Mi Band 5ലുണ്ടാകും.

പുതിയ മോഡലിലെ ഫീച്ചറുകള്‍ ഏതെല്ലാമാണെന്ന് കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഡിസ്‌പ്ലേയില്‍ വലിപ്പം കൂടുമെന്നാണ് കരുതപ്പെടുന്നത്. ട്രാക്കറിന് SpO2 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. അലക്‌സയെ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും പുതിയ മോഡലെന്നതാണ് മറ്റൊരു പ്രധാന സവിശേഷതയായി എടുത്തുകാണിക്കുന്നത്. അതിനര്‍ഥം Mi Band 5ല്‍ മുന്‍ ബാന്‍ഡുകളെ അപേക്ഷിച്ച് ശബ്ദം റെക്കോഡ് ചെയ്യാനുള്ള മൈക്രോഫോണും കൂടിയുണ്ടാകുമെന്നാണ്.

മുന്‍ ബാന്‍ഡുകളില്‍ ഉള്ളതിനേക്കാള്‍ അഞ്ച് പുതിയ വ്യായാമങ്ങള്‍ കൂടി റെക്കോഡ് ചെയ്യാന്‍ Mi Band 5വിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ യോഗ, എലിപ്റ്റികല്‍ മെഷീന്‍ വഴിയുള്ള ഓട്ടം, ഇന്‍ഡോര്‍ തുഴച്ചില്‍, ഇന്‍ഡോര്‍ സൈക്ലിംഗ്, റോപ് ജംപിംഗ് എന്നിവയാണവ. ഫോണ്‍ ക്യാമറകളെ നിയന്ത്രിക്കാനുള്ള ശേഷിയും Mi Band 5വിനുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചൈനയില്‍ പുറത്തിറങ്ങിയ ശേഷം ഇന്ത്യയിലേക്ക് Mi Band 5 എത്തണമെങ്കില്‍ കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. ഏതാണ്ട് 2300 രൂപയാണ് Mi Band 4നുള്ളത്. ഇതില്‍ നിന്നും അല്‍പം വില കൂടുതലായിരിക്കും പുതിയ മോഡലിനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *