ട്രാൻസ്സെക്ഷ്വലായ ശരീരങ്ങൾ അശ്ലീലക്കാ‍ഴ്ചയല്ലെന്ന് ജയസൂര്യ മനോഹരമായി കാണിച്ചുതന്നു:ശാരദക്കുട്ടി

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് –

ഒരു പക്ഷേ കച്ചവട സിനിമകൾ ഏറ്റവും അശ്ലീലമായി അവതരിപ്പിച്ചിട്ടുള്ളത് ട്രാൻസ് ജൻഡറുകളുടെ അവസ്ഥയാകാം. ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകാം സിനിമകളിലെ ലിംഗാധികാരത്തിന്റെ ഏറ്റവും അറപ്പുളവാക്കുന്ന പദപ്രയോഗവും. പതിവു കച്ചവടസിനിമകളിൽ നിന്നു വ്യത്യസ്തമായാണ് ട്രാൻസ് ജൻഡർ പ്രശ്നങ്ങൾ ഞാൻ മേരിക്കുട്ടി എന്ന ചിത്രം അവതരിപ്പിക്കുന്നത്. ട്രാൻസ്സെക്ഷ്വലായ ശരീരങ്ങൾ ഒരശ്ലീലക്കാഴ്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്. എത്ര ഗ്രേസ്ഫുൾ ആണ് മേരിക്കുട്ടിയുടെ ചലനങ്ങൾ. അവളുടെ സംഘർഷാവസ്ഥകൾക്കും സന്തോഷങ്ങൾക്കും എന്തൊരു, സ്വാഭാവികത. പെൺശരീരത്തിന്റെ ചലനങ്ങൾ, അനാവശ്യമായ പുളയലുകളും കുണുക്കങ്ങളുമില്ലാതെ തന്നെ ഒരു പുരുഷൻ അവതരിപ്പിക്കുന്നത് ഒരു പക്ഷേ ഈ ഗണത്തിൽ പെട്ട മലയാള സിനിമകളിൽ മുൻപു കണ്ടിട്ടുണ്ടാവില്ല. ജോഗ് ചെയ്യുന്ന മേരിക്കുട്ടി, നൃത്തം ചെയ്യുന്ന മേരിക്കുട്ടി, കൂട്ടുകാരിയുടെ മകളുടെ മുടി കോതിപ്പിന്നിക്കൊടുക്കുന്ന മേരിക്കുട്ടി, തികച്ചും സ്വാഭാവികമായ ചലനങ്ങൾ. ഒരു സിനിമ കണ്ടിറങ്ങിയ ഉടനെ തന്നെ അതിലെ അഭിനേതാവിനെ നേരിൽ കണ്ട് അഭിനന്ദിക്കണമെന്ന് അപൂർവ്വമായേ തോന്നാറുള്ളു. പ്രിയപ്പെട്ട ജയസൂര്യ, നിങ്ങളെ നേരിൽ കാണണമെന്നും അഭിനന്ദിക്കണമെന്നും തോന്നി.

ട്രാൻസ് ജൻഡറുകൾ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ എല്ലാ ഭയാനകതകളോടും കൂടി ചലച്ചിത്രം ആവിഷ്കരിക്കുന്നുണ്ട്. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശത്തിന് വലുതായ പ്രസക്തിയുണ്ട്. ഒരു വാണിജ്യ സിനിമയിൽ നിന്നു പ്രതീക്ഷിക്കാനാവാത്ത ഒതുക്കവും മുറുക്കവും മിഴിവും നൽകിത്തന്നെയാണ് സിനിമയുടെ മുഴുവൻ ടീമും പ്രവർത്തിക്കുന്നത്. പാളിപ്പോകാതിരിക്കാനുള്ള പരമാവധി ശ്രദ്ധയുണ്ട്. എല്ലാവരും തീർച്ചയായും കാണണം ഈ ചിത്രം. കലാപരമായ മേന്മയുടെ പേരിലല്ല, സാമൂഹിക നീതി ഉറപ്പിക്കുന്നതിൽ ഭാഗഭാക്കാകുന്നതിനു വേണ്ടി. ഒരു പ്രായശ്ചിത്തമെന്ന മട്ടിൽ. രണ്ടര മണിക്കൂർ കഴിയുമ്പോൾ, കുറ്റബോധത്താൽ തല കുനിയുകയെങ്കിലും ചെയ്താൽ അത്രയും നന്ന്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *