തലൈവി ഇനി ഓര്‍മ്മകളില്‍

jayalalitha-5സിനിമാതാരത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ നേതാവ്. കാര്‍ക്കശ്യവും, മേധാശക്തിയും കൊണ്ട് എഐഎഡിഎംകെയെ വരുതിയില്‍ നിര്‍ത്തിയ വനിത, മൂന്നു പതിറ്റാണ്ടിലേറെ തമിഴ്‌നാട്ടിലെ മാത്രമല്ല, ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധേയയായ നേതാവായിരുന്നു ജെ ജയലളിത.

1948 ഫെബ്രുവരി 24 നാണ് അഭിഭാഷകനായ ജയറാമിനും വേദവല്ലിയുടെയും മകളായി കോമളവല്ലി എന്ന ജയലളിത ജനിക്കുന്നത്. കര്‍ണ്ണാടകയിലെ മൈസൂരിനടുത്തായിരുന്നു ജനനം. മൈസൂരിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു ജയലളിതയുടേത്. രണ്ടാമത്തെ വയസ്സില്‍ ജയലളിതയ്ക്ക് അച്ഛനെ നഷ്ടമായി. പിന്നീട് ജയലളിതയുടെ കുടുംബം ബംഗളുരുവിലേക്ക് താമസം മാറി. അമ്മ തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ ജീവിതം ചെന്നൈയിലേക്ക് മാറ്റി. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജയലളിതയും വെള്ളിത്തരയിലെത്തി. 1961 ല്‍ ഇന്ത്യന്‍ നിര്‍മ്മിത ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.1965ല്‍ കന്നഡ സിനിമയില്‍ ആദ്യം നായികയായി. സി.വി ശ്രീധര്‍ സംവിധാനം ചെയ്ത ‘വൈനൈറ ആദി’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലും അറിയപ്പെടുന്ന താരമായി മാറി ജയലളിത. 1980 വരെ തിരക്കുള്ള താരമായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. അറുപതുകളിലും എഴുപതുകളിലും നായികയായി എംജി രാമചന്ദ്രനോടൊപ്പം അഭിനയിക്കാന്‍ തുടങ്ങിയതാണ് ജയലളിതയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയത്.

എംജിആറുമായി സൌഹൃദം സ്ഥാപിച്ചതിലൂടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ 1980ല്‍ അംഗമായി. 1982 ലാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 1983 എഐഎഡിഎംകെയുടെ പ്രചാരണ വിഭാഗം മേധാവിയായി ജയലളിത നിയമിക്കപ്പെട്ടു. പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളെയും പിന്തള്ളിയാണ് അവര്‍ ഈ സ്ഥാനത്തേക്ക കടന്നുവന്നത്. 1983ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന ജയിച്ച് എംഎല്‍എയായി. 84ല്‍ രാജ്യസഭാംഗമായി. പാര്‍ട്ടിയില്‍ രണ്ടാമത്തെയാളായി വളര്‍ന്ന ജയളിത നേതാവായി ഉയരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ ജയളിതയ്‌ക്കെതിരേ പാര്‍ട്ടിയില്‍ തന്നെ മുറവിളി തുടങ്ങിയിരുന്നു. 1987 എംജിആര്‍ അന്തരിച്ചപ്പോള്‍ ഈ ഭിന്നത രൂക്ഷമാകുകയും പാര്‍ട്ടി പിളരുകയും ചെയ്തു. ജയലളിതയെ എതിര്‍ക്കുന്ന വിഭാഗം എം ജി ആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

സഭയില്‍ ക്രമപ്രകാരമല്ല, വിശ്വാസവോട്ട് നേടിയതെന്ന് കണ്ടെത്തിയിതിനെതുടര്‍ന്ന് രാഷ്ട്രപതി ജാനകി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പിന്നീട് ഒരു തമിഴ്‌സിനിമാ തിരക്കഥ പോലെ ജയലളിത അധികാരത്തിലേക്ക് പടികള്‍ ചവിട്ടിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം 27 സീറ്റു നേടി. ജയലളിത പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു. ഇക്കാലത്താണ് തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷ ഭരിതമായ രംഗങ്ങളുണ്ടായത്. ഡിഎംകെ യുമായുള്ള സഭയിലെ ഏറ്റുമുട്ടലിനിടെ, ജയലളിതയുടെ സാരി വലിച്ചുകീറാന്‍ ശ്രമം നടന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുവരെ സഭയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അന്ന് ജയലളിത സഭ വിട്ടത്. 1991 കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി, നിയമസഭയില്‍ മല്‍സരിച്ച ജയലളിതയുടെ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു. ജയലളിത മുഖ്യമന്ത്രിയുമായി. സ്ത്രീ ശാക്തീകരണമടക്കം സാമൂഹ്യ മേഖലയില്‍ നിരവധി ജനപ്രിയ പരിപാടികള്‍ നടപ്പിലാക്കിയെങ്കിലും അഴിമതി ആരോപണം നേരിട്ട ജയലളിതയ്ക്ക് 96ല്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജയലളിതയും പരാജയപ്പെട്ടു.

എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ്റ് ചെയ്യപ്പെട്ടു. ജയയ്‌ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു. ഡിഎംകെ കാണിച്ച പ്രവൃത്തിക്ക് അടുത്ത തവണ അധികാരത്തിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ക്കുകയായിരുന്നു ജയ ചെയ്തത്. അഴിമതി മൂലം മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലുമാസം ഇവര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു. അപ്പോഴാണ് ഈ പകപോക്കല്‍ നടന്നത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്റ്റംബര്‍ 21 ന് സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. പനീര്‍സെല്‍വത്തെ ജയലളിത മുഖ്യമന്ത്രിയായി നിയമിച്ചു. മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് 2002 മാര്‍ച്ച് 2ന് ജയലളിത തന്നെ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു.

2006 ലെ തെരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് വീണ്ടും അടിതെറ്റി. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2011 വീണ്ടും ജയലളിത മുഖ്യമന്ത്രി സ്ഥാനത്തെത്തി. അധികാരത്തില്‍ വന്നയുടന്‍ തന്റെ അടുത്ത തോഴി ശശികലയെ പുറത്താക്കി പാര്‍ട്ടിയിലും ഭരണത്തിലും പുതിയ തുടക്കം കുറിച്ചു. പിന്നീട് ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും പഴയ ബന്ധം ഇവര്‍ തമ്മിലുണ്ടായില്ല. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി തന്റെയും പാര്‍ട്ടിയുടെയും അപ്രമാദിത്വം തെളിയിച്ചു. തമിഴ്‌നാട്ടില്‍ എളുപ്പം പരാജയപ്പെടുത്താന്‍ കഴിയാത്ത നേതാവായി ജയലളിത മാറുകയാണുണ്ടായത്. ശിക്ഷിക്കപ്പെട്ട രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് ജയലളിത.

പുരട്ചിതലൈവിക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അനുയായികള്‍ ചെന്നൈ അപ്പേളോ ആശുപത്രിക്ക് മുന്നില്‍ എത്തുമ്പോള്‍ ഇന്ത്യയിലെ മറ്റൊരു നേതാവിനും ലഭിക്കാത്ത ജനപിന്തുണയാണ് ജയലളിതക്ക് ലഭിച്ചത്.1984 ല്‍ എംജിആര്‍ അസുഖബാധിതനായി ചെന്നൈയിലായിരുന്നപ്പോഴാണ് ഇത്തരമൊരു പ്രതികരണം കണ്ടത്. അത്രക്കുമുണ്ട് ജയലളിതയുടെ സ്വീകാര്യത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *