ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയിലിറക്കി നിറ്റാ ജലാറ്റിന്‍ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ ജലാറ്റിന്‍ നിര്‍മാണ കമ്പനിയായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയില്‍ ഇറക്കി. ഡിസ്സേര്‍ട്ടുകള്‍, ജെല്ലി, ഫ്രോസണ്‍ സ്വീറ്റുകള്‍, സോഫ്റ്റ് കാന്‍ഡി, മാര്‍ഷ്മല്ലോ തുടങ്ങിയവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് ജലാറ്റിന്‍. ഇതാദ്യമാണ് ഇന്ത്യയിലെ ഒരു ജലാറ്റിന്‍ നിര്‍മാതാവ് ഫുഡ്‌ഗ്രേഡ് ജലാറ്റിന്‍ സ്വന്തം ബ്രാന്‍ഡില്‍ റീട്ടെയ്ല്‍ വിപണിയില്‍ എത്തിക്കുന്നത്.

മറ്റ് രാജ്യങ്ങളിലെ നൂതന ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നവര്‍ക്ക് മികച്ച ഡിസ്സേര്‍ട്ടുകള്‍, കാന്‍ഡികള്‍ തുടങ്ങിയവ ഉണ്ടാക്കാന്‍ അനിവാര്യമായ ചേരുവയാണ് ജലാറ്റിനെന്നും അത് മികച്ച ഗുണനിലവാരമുള്ളതാകുമ്പോള്‍ ഭക്ഷണത്തിനെ കൂടുതല്‍ സ്വാദുള്ളതാക്കുന്നുവെന്നും നിറ്റാ ജലാറ്റിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ പറഞ്ഞു. കമ്പനി പുറത്തിറക്കിയ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ ഭക്ഷണപ്രേമികള്‍ക്ക് പുതിയ സ്വാദനുഭവം പ്രദാനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരിയുടെ സമയത്ത് ജനങ്ങള്‍ നടത്തിയ പാചക പരീക്ഷണങ്ങള്‍ ഇത്തരമൊരു മികച്ച ഗുണനിലവാരമുള്ള ജലാറ്റിന്റെ വിപണിസാധ്യതയെക്കുറിച്ച് തങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്നും സജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ റെഗുലേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന ശുചിത്വ ചട്ടങ്ങളും ജിഎംപി, എച്ച്എസിസിപി സംവിധാനങ്ങള്‍ക്കും അനുസൃതമായി ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രീമിയം ജലാറ്റിന്‍ നിര്‍മിച്ചിരിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്നും എടുത്തിരിക്കുന്ന ജലാറ്റിനില്‍ ട്രിപ്‌റ്റോഫാന്‍ ഒഴികെയുള്ള അനിവാര്യമായ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഔഷധ നിര്‍മാണത്തിന് ഉപയോഗിക്കുന്നതും ഭക്ഷ്യയോഗ്യവുമായ ജലാറ്റിന്‍ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ തന്നെ പ്രസിദ്ധമാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ. കമ്പനി നിര്‍മിക്കുന്ന ലോ എന്‍ഡോടോക്‌സിന്‍ ജലാറ്റിന്‍ ജീവന്‍രക്ഷാ ഉത്പന്നമായ ബ്ലഡ് പ്ലാസ്മ എക്‌സ്പാന്‍ഡര്‍ തയ്യാറാക്കുന്നതിനും ഉപയോഗിച്ച് വരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *