സര്‍ക്കസ് ജീവിതമെന്ന ട്രപ്പീസുകളി

------ജീവിതം എന്നും ഒരു ഞാണിന്‍മേല്‍ക്കളിയാണെന്ന് പറയാറുണ്ട്. സര്‍ക്കസ് കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതമാര്‍ഗം ഈ ഞാണിന്‍മേലുള്ള കളിയാണ്. പുറമേ നിന്നു കാണുമ്പോള്‍ കൗതുകങ്ങളുടെയും രസങ്ങളുടേയും ഒരു അദ്ഭുതലോകമാണ് സര്‍ക്കസ് കൂടാരം. എന്നാല്‍ കാഴ്ചയില്‍ തിളങ്ങുന്ന വിസ്മയങ്ങള്‍ക്കും നിറപ്പകിട്ടിനുമപ്പുറം അസാധ്യമായ മനക്കരുത്തും മെയ്‌വഴക്കവും സമ്മേളിക്കുന്ന ഒരു അഭ്യാസക്കലയാണ് സര്‍ക്കസ്.

ട്രപ്പീസിലൂയലാടി, റിങ് മാസ്റ്ററായി, അശ്വാഭ്യാസിയായി, ചെപ്പടി വിദ്യക്കാരനായി, ജോക്കറായി, മരണഗോളത്തില്‍ ബൈക്കുകള്‍ പായിച്ച് നിരവധിപ്പേര്‍ ഇവിടെ ഉപജീവനം കണ്ടെത്തുന്നു. കാണികളെ രസിപ്പിക്കുക എന്നതുമാത്രമാണ് ഓരോ കലാകാരന്റെയും സര്‍ക്കസ് തമ്പിലെ ലക്ഷ്യം. എന്നാല്‍ അവരുടെ മുന്നില്‍ മറ്റൊരുലക്ഷ്യം കൂടിയുണ്ട്; ജീവിതം.

150 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സര്‍ക്കസ് ഇന്ന് എവിടെ എത്തി നില്‍ക്കുന്നു. പണ്ടൊക്കെ കുടുംബ സദസ്സുകളുടെ മുഖ്യവിനോദമായിരുന്നു സര്‍ക്കസ്. കാലം മാറി, സാങ്കേതികവിദ്യയും വളര്‍ന്നു. ഹൈടെക്ക് സിനിമകളും മറ്റുകലാപ്രകടനങ്ങളും, ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വിദേശ സാഹസിക പ്രകടനവും സ്ഥിരം കാണുന്ന ആരാധകര്‍ സര്‍ക്കസ്സില്‍ നിന്ന് പതുക്കെ പതുക്കെ വ്യതിചലിക്കാന്‍ തുടങ്ങി. ആ നഷ്ടപ്രതാപത്തെ തിരിച്ചടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ സര്‍ക്കസ് ഉടമകളും കലാകാരന്‍മാരും.

005ഗ്രാന്റ് സര്‍ക്കസ് ഉടമയും മുന്‍കാല സര്‍ക്കസ് മാനേജരുമായ എം ചന്ദ്രന്റെ് വാക്കുകളില്‍ പറഞ്ഞാല്‍ ഒരു നാടകമോ സിനിമയോ പോലെ മൂന്നുമാസംകൊണ്ടൊന്നും ഒരു സര്‍ക്കസ് രൂപപ്പെടുത്താനാകില്ല. ഒരുവ്യക്തിയുടെ മാത്രമല്ല, സര്‍ക്കസ് ഉടമ മുതല്‍ സര്‍ക്കസ് കലാകാരന്‍മാര്‍ വരെ, ടെന്റ് തൊഴിലാളികള്‍, ഗേറ്റ് കീപ്പേഴ്‌സ് മുതല്‍ പാചകക്കാര്‍ വരെ എന്തിനധികം മിണ്ടാപ്രാണികളായ ജീവികള്‍, പക്ഷികള്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമായാണ് സര്‍ക്കസില്‍ ഓരോ ദിവസവും പ്രദര്‍ശനങ്ങള്‍ അരങ്ങേറുന്നത്.

ചരിത്രം

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള കലയായ സര്‍ക്കസ് പുരാതന റോമിലാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞികണ്ണനാണ് ആദ്യമായി സര്‍ക്കസ് കൊണ്ടുവന്നത്. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. 1888ല്‍ ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കസ്സ് കമ്പനിയായ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ് കണ്ടതോടെയാണ് അദ്ദേഹം സര്‍ക്കസ് തല്‍പ്പരനായത്. തുടര്‍ന്ന് സര്‍ക്കസ് പരിശീലനത്തിനായി പുലമ്പില്‍ എന്ന പ്രദേശത്ത് അദ്ദേഹം ഒരു കളരിയും തുടങ്ങി. 1901ല്‍ ചിറക്കരയില്‍ കേരളത്തിലെ ആദ്യത്തേതും, ഇന്ത്യയിലെ രണ്ടാമത്തെയും സര്‍ക്കസ് സ്‌കൂള്‍ അദ്ദേഹം സ്ഥാപിച്ചു. കീലേരി കുഞ്ഞിക്കണ്ണന്റെ ശിക്ഷ്യനായിരുന്ന പരിയാളി കണ്ണനാണ് 1904ല്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസ് കമ്പനിയായ മലബാര്‍ ഗ്രാന്റ് സര്‍ക്കസ് ആരംഭിക്കുന്നത്.

സര്‍ക്കസിന്റെ ഭാവിയും വര്‍ത്തമാനവും

001കേരളമായിരുന്നു ഒരുകാലത്ത് സര്‍ക്കസിന്റെ പറുദീസ. അടുത്തടുത്ത പ്രദേശങ്ങളില്‍ വിവിധ സര്‍ക്കസ് കമ്പനികള്‍ മല്‍സരിച്ച് സര്‍ക്കസ് പ്രദര്‍ശിപ്പിച്ച കാലമുണ്ടായിരുന്നു. ഇന്ന് സര്‍ക്കസ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുപതിധിലധികം മലയാളി സര്‍ക്കസ് കമ്പനികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് നാലോ അഞ്ചോ മാത്രം. ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ അറിയാം സര്‍ക്കസ് മേഖല നേരിടുന്ന അവഗണനയുടെ ആഴം. കീലേരി കുഞ്ഞിക്കണ്ണന്റെ സ്മരണാര്‍ത്ഥം തലശ്ശേരിയില്‍ ഒരു സര്‍ക്കസ് അക്കാദമി സ്ഥാപിക്കുമെന്ന് രണ്ടുവര്‍ഷം മുമ്പാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. വാടകക്കെട്ടിടത്തില്‍ പേരിനൊരു ഉദ്ഘാടനം നടന്നതൊഴിച്ചാല്‍ അക്കാദമി ഇന്നും ഒരു സ്വപ്‌നമാണ്. അക്കാദമിക്കുവേണ്ടി 10 ഏക്കര്‍ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് അക്കാര്യത്തില്‍ യാതൊരു തുടര്‍നടപടികളും ഉണ്ടായില്ല. അക്കാദമി നിലവില്‍ വരികയാണെങ്കില്‍ മരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കസിന് അതൊരു ഊര്‍ജമാവുമെന്നാണ് കരുതുന്നത്. സര്‍ക്കസിനൊപ്പം അക്കാദമിക്ക് തലത്തിലും കലാകാരന്‍മാര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സര്‍ക്കസിനെ ഇതുവരേയും ഒരു കായിക കലയിലും ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്ലത്ത് പീരങ്കി മൈതാനം, കണ്ണൂര്‍ പോലിസ് ഗ്രൗണ്ട് എന്നിവ മാത്രമാണ് സര്‍ക്കസിന് പറ്റിയ സ്ഥലങ്ങള്‍. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം.

ഓരോ സര്‍ക്കസു കമ്പനിയുമായി ബന്ധപ്പെട്ട് കലാകാരന്‍മാരും മറ്റു അണിയറ പ്രവര്‍ത്തകരുമായി മുന്നൂറോളം പേരെങ്കിലും ഉപജീവനം നടത്തുന്നുണ്ട്. സര്‍ക്കസ് തമ്പുകളില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ യുവതികള്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയ കലാകാരന്‍മാര്‍ക്കു മാത്രമായി അനുവദിച്ചിട്ടുള്ള 500 രൂപ പെന്‍ഷനാണ് സര്‍ക്കാര്‍ നല്‍കുന്ന ഏക ആനുകൂല്യം. സര്‍ക്കസ് കാലകാരന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ, റേഷന്‍കാര്‍ഡോ ഇല്ല. അത്യന്തം കായികക്ഷമതയും ഏകാഗ്രതയും ആവശ്യമായ ഒരു കലയാണ് സര്‍ക്കസ്. കോപ്പിയടിക്കാനോ, അനുകരിക്കാനോ പറ്റുന്ന കലയുമല്ല. വര്‍ഷങ്ങളുടെ നിരന്തരമായ പരിശീലനവും തഴക്കവും വഴക്കവും ഉണ്ടായാലേ റിങ്ങില്‍ ഇറങ്ങാന്‍ സാധിക്കൂ. എന്നിട്ടും ഈ പ്രയത്‌നം മനസ്സിലാക്കാതെ ജനങ്ങളില്‍ നിന്നോ, സര്‍ക്കാരില്‍ നിന്നോ ഒരു പ്രോല്‍സാഹനവും ലഭിക്കുന്നില്ലെങ്കില്‍ ഈ കല ഇല്ലാതാകും. സര്‍ക്കസ്സിനു വേണ്ടി ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട് കുടുംബങ്ങള്‍ക്കും ആശ്രിതര്‍ക്കും വേണ്ട സഹായമോ പരിഗണനയോ ലഭിക്കുന്നില്ല. സിനിമ, സീരിയല്‍ മാജിക്ക് ഷോ, സ്‌പോര്‍ട്ട്‌സ് തുടങ്ങി എല്ലാ കലാകായിക ഇനങ്ങള്‍ക്കും അവാര്‍ഡും അനുമോദനങ്ങളും ലഭിക്കുമ്പോള്‍ സര്‍ക്കസ് മാത്രം എന്തുകൊണ്ടു തഴയപ്പെടുന്നുവെന്നാണ് സര്‍ക്കസ് ഉടമകളുടേയും കലാകാരന്‍മാരുടേയും ചോദ്യം. ഇങ്ങനെ പോവുകയാണെങ്കില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ ഈ കല അന്യം നിന്നു പോകും എന്നതില്‍ യാതൊരു തര്‍ക്കവും വേണ്ട.

ഇന്ത്യന്‍ സര്‍ക്കസിനെ പ്രോല്‍സാഹിപ്പിക്കുന്നതിനും സര്‍ക്കസ് കലാകാരന്‍മാരുടെ ക്ഷേമത്തിനും സര്‍ക്കസിനെ സ്‌നേഹിക്കുന്ന നല്ലവരായ ജനങ്ങളുടേയും സര്‍ക്കാര്‍ അനുബന്ധ ഡിപ്പാര്‍ട്ടുമെന്റുകളുടേയും ഒത്തൊരുമിച്ച് പ്രവര്‍ത്തനം ഇത്തരുണത്തില്‍ അനിവാര്യമാണ്.

 ഗ്രാന്റ് സര്‍ക്കസിന്റെ കഥ

തലശ്ശേരിയില്‍ പത്രപ്രവര്‍ത്തകനായ കൊടിയേരി സ്വദേശി എം ചന്ദ്രന്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ ക്യാംപയിന്റെ ഭാഗമായി മെട്രോസര്‍ക്കസ് ഉടമ കണാരനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. 1976-77 കാലഘട്ടത്തിലായിരുന്നു അത്. അന്ന് മധ്യപ്രദേശില്‍ നടന്ന സര്‍ക്കസിന്റെ മാനേജരായി നിയമിതനായി ചന്ദ്രന്‍. 22ാം വയസ്സില്‍ തുടങ്ങിയ സര്‍ക്കസ് സപര്യ 63ലും തുടരുന്നു.

തുടര്‍ന്ന് നാഷണല്‍, രാജ്കമല്‍, ജംബോ, അമര്‍ സര്‍ക്കസ് തുടങ്ങി നിരവധി ട്രൂപ്പുകളുടെ മാനേജരായി അദ്ദേഹം. ജമിനി സര്‍ക്കസില്‍ ജനറല്‍ മാനേജരായിരുന്നു. പിന്നീട് 1998-99കളില്‍ ജോക്കര്‍ സിനിമയുടെ പ്രാരംഭഘട്ടത്തില്‍ പൂട്ടിക്കിടന്ന റോയല്‍ സര്‍ക്കസ് അദ്ദേഹം വാങ്ങിക്കുകയും ഗ്രാന്റ് സര്‍ക്കസായി പേരുമാറ്റുകയുമായിരുന്നു.

200ല്‍പ്പരം ജീവനക്കാരാണ് ഗ്രാന്റ് സര്‍ക്കസിലുള്ളത്. ഇതില്‍ 50 വനിതാ കലാകാരികളും 75 പുരുഷ കലാകാരന്‍മാരുമാണുള്ളത്. ബാക്കിയുള്ളവര്‍ അനുബന്ധ ജോലികള്‍ ചെയ്യുന്നു. 22 കുടുംബങ്ങളാണ് ഗ്രാന്റ് സര്‍ക്കസുമായി ഇദ്ദേഹത്തിനൊപ്പം നാടുചുറ്റുന്നത്.

ചന്ദ്രന്റെ ഭാര്യയും മുന്‍കാല സര്‍ക്കസ് കലാകാരിയുമായ സാവിത്രിക്കാണ് തമ്പിലെ പെണ്‍കുട്ടികളുടെ സംരക്ഷണ- പരിശീലന ചുമതല. പ്രതിദിനം ശരാശരി90,000 രൂപയുടെ ചെലവുവരും. ഇതില്‍ ശബളം, ഭക്ഷണം, പരസ്യം, പക്ഷി-മൃഗാദികള്‍ക്കുള്ള ചെലവ്, പ്രകൃതിദുരന്തങ്ങള്‍ക്കായുള്ള നീക്കിയിരുപ്പ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ഡിസംബര്‍, ഏപ്രില്‍, മെയ് എന്നീ മാസങ്ങളാണ് തിരക്കുള്ള സീസണ്‍. ഇന്ത്യയില്‍ എല്ലായിടത്തും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഗ്രാന്റ് സര്‍ക്കസ് സംഘടിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *