കോഴിക്കോട്‌ മുൻ മേയർ എം ഭാസ്‌കരൻ അന്തരിച്ചു

കോഴിക്കോട് മുൻ മേയറും സി.പി.ഐ (എം) ജില്ലാക്കമ്മറ്റി അംഗവുമായ എം.ഭാസകരൻ അന്തരിച്ചു.കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ്‌ അന്ത്യം.

പ്രമുഖ സഹകാരിയായ ഭാസ്‌കരൻ കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കലിക്കറ്റ്‌ ടൗൺ സർവീസ്‌ സഹകരണബാങ്ക്‌ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. റബ്‌കോ വൈസ് ‌ചെയർമാനുമായിരുന്നു. ദേശാഭിമാനിയിൽ ദീർഘകാലം ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്‌. ആദ്യം കപ്നോസിങ്‌ വിഭാഗത്തിലും പിന്നീട്‌ ക്ലറിക്കൽ ജീവനക്കാരനുമായി. മികച്ച സംഘാടകനായ അദ്ദേഹം ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട്‌ നോർത്ത്‌ ഏരിയാസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിഐടിയു, ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു) ജില്ലാപ്രസിഡന്റായിരുന്നു. കോർപറേഷൻ പരിധിയിലും പരിസരത്തും സിപിഐ എം സ്വാധീനം വിപുലമാക്കാൻ നേതൃത്വമരുളി. നിലവിൽ സിപിഐ എം ‌ ജില്ലാകമ്മിറ്റി അംഗമാണ്‌. നാലുതവണ കോർപറേഷൻ കൗൺസിലറായിരുന്നു. കോർപറേഷൻ ആരോഗ്യ–വിദ്യാഭ്യാസ സ്‌റ്റാൻഡിംങ്‌ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. 2005 മുതൽ അഞ്ചുവർഷം‌ കോഴിക്കോട്‌ മേയറായി. നായനാർ മേൽപ്പാലം, അരയിടത്തുപാലം–എരഞ്ഞിപ്പാലം ബൈപാസ്‌ എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികൾ നടപ്പാക്കിയ നഗരഭരണാധിപനായിരുന്നു.

എം. ഭാസ്കരന്‍റെ നിര്യാണത്തില്‍
മുഖ്യമന്ത്രിയുടെ അനുശോചനം

സിപിഐഎം നേതാവും മുന്‍ കോഴിക്കോട് മേയറുമായ എം. ഭാസ്കരന്‍റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ മേഖലയ്ക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനി ജീവനക്കാരനായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. മേയര്‍ എന്ന നിലയില്‍ കോഴിക്കോട് നഗരത്തിന്‍റെ വികസനത്തിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭാവനാപൂര്‍ണ്ണമായി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ദൃഢനിശ്ചയത്തോടെ അവ പ്രാവര്‍ത്തികമാക്കാനും അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമെന്ന നിലയില്‍ സംഘടനാ രംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ വികസനത്തിലും നവീകരണത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടണ്ടെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *