33 വര്‍ഷത്തിന് ​ശേഷം പത്താംക്ലാസ് പാസ്സായി ; കൊവിഡിന് നന്ദി പറഞ്ഞ് ഈ അമ്ബത്തിയൊന്നുകാരന്‍

ഹൈദരാബാദ് : കൊവിഡ് മഹാമാരി ലോകത്തിലെ തന്നെ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചപ്പോള്‍ മഹാമാരി മൂലം പത്താം ക്ലാസ് പരീക്ഷ പാസാകാന്‍ സാധിച്ച കഥയാണ് ഈ അമ്ബത്തിയൊന്നുകാരന് പറയാനുള്ളത്. 33 വര്‍ഷമായി പത്താം ക്ലാസ് പാസാകാന്‍ വേണ്ടിയുള്ള പ്രയത്നമാണ് ഈ കൊവിഡ് കാലത്ത് വിജയത്തിലെത്തിയത്. മുഹമ്മദ് നൂറുദ്ദീന്‍ എന്ന അന്‍പത്തിയൊന്നുകാരന് ഇംഗ്ലീഷായിരുന്നു പത്താം ക്ലാസ് പരീക്ഷയില്‍ വെല്ലുവിളിയായിരുന്നത്. 1987 മുതലാണ് മുഹമ്മദ് നൂറുദ്ദീന്‍ പത്താം ക്ലാസ് പാസാകാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.

കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് പത്താംക്ലാസിലെ എല്ലാ വിദ്യാര്‍ഥികളേയും പാസാക്കാനുള്ള തെലങ്കാന സര്‍ക്കാരിന്‍റെ തീരുമാനമാണ് മുഹമ്മദ് നൂറുദ്ദീന് സഹായകരമായത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി നേടുന്നതിന് പത്താം ക്ലാസ് പാസായിരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഈ ഹൈദരബാദ് സ്വദേശിയെ പത്താം ക്ലാസ് പരീക്ഷ പാസാകാനുള്ള ശ്രമങ്ങള്‍ തുടരാന്‍ പ്രേരിപ്പിച്ചിരുന്നത്. ഇംഗ്ലീഷ് പരീക്ഷ പാസാവുകയെന്നത് തനിക്കൊരു വെല്ലുവിളിയായിരുന്നു. തനിക്ക് വിഷയം പറഞ്ഞ് തരാനും ആരുമുണ്ടായിരുന്നില്ല. സഹോദരനും സഹോദരിയും അവരാല്‍ കഴിയുന്ന പോലെ സഹായിച്ചതിനാലാണ് മറ്റ് വിഷയങ്ങള്‍ പഠിക്കാന്‍ സാധിച്ചതെന്നും മുഹമ്മദ് നൂറുദ്ദീന്‍ എ എന്‍ഐയോട് പറയുന്നു.

തുടര്‍ച്ചയായി 33 വര്‍ഷം പരാജയപ്പെട്ടു. എന്നാല്‍ കൊവിഡ് മഹാമാരി മൂലം സര്‍ക്കാര്‍ എല്ലാവരേയും പാസാക്കിയത് തനിക്കും സഹായകരമായിയെന്നാണ് ഇയാള്‍ പറയുന്നത്. പരീക്ഷ പാസാകാതെ തന്നെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് മുഹമ്മദ് നൂറുദ്ദീന്‍ ഇപ്പോള്‍. 1989 മുതല്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നെങ്കിലും ജോലിക്കായി അപേക്ഷിച്ചപ്പോള്‍ വന്ന നിര്‍ദ്ദേശം പാലിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇത്ര കാലമെന്നും മുഹമ്മദ് നൂറുദ്ദീന്‍ പറയുന്നു. ഇനിയും പഠനം തുടരുമെന്ന് വ്യക്തമാക്കിയ മുഹമ്മദ് നൂറുദ്ദീന് നാലുമക്കളാണ് ഉള്ളത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *