സ്വര്‍ണക്കടത്ത് പണത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ട്, ഗുരുതര ആരോപണങ്ങളുമായി സിയാദ് കോക്കര്‍

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് പണത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച്‌ കൃത്യമായ അന്വേഷണം വേണം. ചില നിര്‍മാതാക്കള്‍ ഇത്തരക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതായും സിയാദ് കോക്കര്‍ പറഞ്ഞു. സിനിമ താരങ്ങളുടെ നിര്‍മാതാക്കളുടെയും തുടങ്ങി സിനിമ മേഖലയിലുള്ളവരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം വേണം. മാത്രമല്ല ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും സിയാദ് കോക്കര്‍ ആവശ്യപെട്ടു. വിദേശത്തുവച്ച്‌ നടന്ന ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് സിനിമാ മേഖലയില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *