സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ, നടപ്പാക്കിയത് ശിവശങ്കർ നേരിട്ടെന്ന് വിദഗ്ധ സമിതി

സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്ന് വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. സ്വകാര്യ ഐപി അഡ്രസിലേക്ക് സ്പ്രിക്ലർ വിവരങ്ങൾ പോയതായും സമിതി കണ്ടത്തി. സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് ആരോഗ്യ വകുപ്പ് അറിയാതെയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും സമിതിയെ അറിയിച്ചു. മാധവൻ തമ്പി സമിതിയുടെ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ സ്പ്രിൻക്ലർ കമ്പനിയുമായി ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അറിയാതെ എന്നാണ് മാധവൻ നമ്പ്യാർ സമിതിയുടെ കണ്ടെത്തൽ. അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ താല്‍പര്യ പ്രകാരം മാത്രമായിരുന്നു പദ്ധതി നടപ്പിലാക്കിയതെന്നും ഇതിലൂടെ പൊതുജനങ്ങളുടെ വ്യക്തിവിവരത്തിന് മേൽ കമ്പനിക്ക് പൂർണ അവകാശമുണ്ടായതായും സമിതി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി സ്പ്രിൻക്ലർ വിവരങ്ങൾ എത്തി തുടങ്ങിയ 2020 മാർച്ച് 25 മുതലുള്ള സെർവറിലെ വിവരങ്ങൾ ചോദിച്ചെങ്കിലും സി ഡിറ്റ് നൽകിയത് 2020 ഏപ്രിൽ 3 മുതൽ 19 വരെയുള്ള വിവരങ്ങൾ മാത്രമാണ്. പദ്ധതി സംബന്ധിച്ച മിനിറ്റ്സ് ആവർത്തിച്ച് ചോദിച്ചിട്ടും നൽകിയില്ല.

സ്പ്രിൻക്ലർ വിവരങ്ങൾ ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് കേന്ദ്ര ഐടി വകുപ്പിന് കീഴിലെ സ്റ്റാൻഡേസേഷൻസ് ടെസ്റ്റിങ് ആൻറ് ക്വാളിറ്റി പരിശോധനയിൽ കണ്ടെത്തിയിരുന്നുവെങ്കിലും സി ഡിറ്റ് ഡാറ്റ സംബന്ധിച്ച് പൂർണ വിവരങ്ങൾ നൽകാത്തതിനാൽ വിവര ചോർച്ച ഉൾപ്പെടെ ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ സമിതിക്ക് കഴിഞ്ഞിട്ടില്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനോട് ചർച്ചകൾ നടത്തിയില്ല എന്നതിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്‍റെ കീഴിലാണെന്നും ഐ ടി വകുപ്പ് സഹായി മാത്രമാണെന്ന് ഫയലിൽ കുറിച്ചിരുന്നുവെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഗോമ്പ്രഗഡയും സമിതിയെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *