സമാധാനം തകര്‍ക്കുന്നവര്‍ക്ക് തോക്കുകൊണ്ട് മറുപടിയെന്ന താക്കീതുമായി യോഗി

ഗോരഖ്പുര്‍: തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകളോട് അതുകൊണ്ടു തന്നെ മറുപടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്നവരോട് തോക്കുകളായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം താക്കീത് നല്‍കി. സംസ്ഥാനത്ത് ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ച്‌ വരുന്ന സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ താക്കീത്.

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കും. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളെ നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ജനങ്ങള്‍ക്കും ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ മോശമായി പെരുമാറുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം മുമ്ബ് അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ പേപ്പര്‍ ചുരുട്ടി എറിയുക, ബലൂണ്‍ പറത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ നിയമസഭയുടെ പാരമ്ബര്യത്തിനുതകുന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ സമാജ്വാദി നേതാക്കള്‍ ഗവര്‍ണറോട് മോശമായ ഭാഷയില്‍ സംസാരിച്ചത് അത്യന്തം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്ബ് നമ്മുടെ സംസ്ഥാനത്ത് തികഞ്ഞ അരാജകത്വമാണ് അരങ്ങേറിയിരുന്നത്. ഈ ആളുകള്‍ ഇപ്പോഴും ആ മനോഭാവത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല. സഭയെ അരാജകത്വത്തില്‍ നിന്ന് മോചിപ്പിക്കാനും ഇവര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *