സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ, ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും ; ആലുവയില്‍ ചുഴലിക്കാറ്റ് വാഹനങ്ങള്‍ മറിച്ചിട്ടു,

സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവുമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച്‌ വടക്കന്‍ ജില്ലകളിലായിരുന്നു മഴ കൂടുതലും ലഭിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണു മഴ തീവ്രമായത്. ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനിടെ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മണ്‍സൂണ്‍ സീസണിലെ പതിനൊന്നാമത്തെ ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.

ന്യൂനമര്‍ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം അടുത്ത മൂന്നുദിവസത്തേക്ക് കേരളം, കര്‍ണാടക, കൊങ്കണ്‍ മേഖലകളില്‍ വ്യാപക മഴ തുടര്‍ന്നേക്കാം. കേരളത്തില്‍ പലയിടത്തും മണ്ണിടിച്ചിലിലും വ്യാപക നാശവുമുണ്ടായി.

ഇന്നു രാത്രി വരെ കേരളതീരങ്ങളില്‍ ശക്തമായ കടല്‍ ക്ഷോഭം തുടരുമെന്നാണ് മുന്നറിയിപ്പ്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരത്ത് മൂന്നു മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാല് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. ലോവര്‍പെരിയാര്‍(പാംബ്ല), കല്ലാര്‍കുട്ടി, കുണ്ടള, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകളാണ് തുറന്നത്.

രണ്ടേ രണ്ടു മിനിറ്റ് ചുഴലിക്കാറ്റ് 2 വാഹനങ്ങള്‍ മറിച്ചിട്ടു, 11 വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ പിരിച്ചൊടിച്ചു

ആലുവ: ചുഴലിക്കാറ്റില്‍ ആലുവയിലെ എടത്തല പഞ്ചായത്തില്‍ വ്യാപക നാശം. രണ്ടു മിനിറ്റു കൊണ്ട് 11 വീടുകള്‍ തകര്‍ന്നു. രണ്ടു വാഹനങ്ങള്‍ മറിച്ചിട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. നിരവധി മരങ്ങളും െവെദ്യുതി പോസ്റ്റുകളും മറിഞ്ഞുവീണു. ഇന്നലെ രാവിലെ എട്ടിനാണു കേവലം രണ്ട് മിനിറ്റ് നേരം കാറ്റ് ആഞ്ഞു വീശിയത്.

എടത്തല മലേപ്പിള്ളി, അല്‍ അമീന്‍ കോളേജ് പരിസരം, നൊച്ചിമ പോട്ടച്ചിറ ക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് വന്‍ നാശം. അല്‍ അമീന്‍ കോളേജിനടുത്ത കോയേലിമലയില്‍നിന്ന് ശക്തിയായി വീശിയടിച്ച കാറ്റ് കിഴക്ക് ദിക്കിലേക്ക് രണ്ടു കിലോമീറ്റര്‍ നീണ്ടു. 25 െവെദ്യുത പോസ്റ്റുകളും ഒടിഞ്ഞു. വീടുകള്‍ക്ക് മുകളിലെ റൂഫിങ് ഷീറ്റുകള്‍ പറന്നു പൊങ്ങി. മരം മറിഞ്ഞു വീണ് പത്ത് വീടുകള്‍ തകര്‍ന്നു. മല്ലേപ്പിള്ളി ബസ് സ്‌റ്റോപ്പിലെ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ ശക്തമായ കാറ്റില്‍ മറിഞ്ഞു.

എടത്തല മലേപ്പിള്ളി ദാറുസലാം അനിസ് അഹമ്മദിന്റെ വീട്ടിലെ ജോലിക്കാരി അനിതയ്ക്ക് കാറ്റില്‍ മറിഞ്ഞു വീണ് പരുക്കേറ്റു. മലേപ്പിള്ളിയില്‍ കാറ്റ് മറിച്ചിട്ട ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഡ്രൈവര്‍ മുഹമ്മദിനും പരുക്കേറ്റു. നവാസ് എന്നയാളുടെ ഓട്ടോയും കാറ്റ് എടുത്തു മറിച്ചിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *