സംസ്ഥാനത്തെ ആദ്യ വാട്ടര്‍ ടാക്‌സി ഓടാനൊരുങ്ങുന്നു

കേരളത്തിലെ ആദ്യത്തെ വാട്ടര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. 15 മുതല്‍ ഇവ ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ ആലപ്പുഴയില്‍ നിന്നാണ് വാട്ടര്‍ ടാക്‌സി സര്‍വീസ് നടത്തുക. ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിലും എറണാകുളത്തിനും വൈക്കത്തിനുമിടയിലും കുട്ടനാടന്‍ മേഖലയിലും ടാക്‌സിയുടെ സേവനം ലഭ്യമാകും. പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വാട്ടര്‍ ടാക്‌സി സര്‍വീസെങ്കിലും തദ്ദേശീയര്‍ക്കും ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം.

വിളിച്ചാല്‍ വിളിപ്പുറത്ത്

ആധുനിക സൗകര്യങ്ങളുള്ള നാല് വാട്ടര്‍ ടാക്‌സികളാണ് സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളത്. ഓണ്‍ലൈന്‍ ടാക്‌സികളുടെ മാതൃകയിലാണ് ഇവ പ്രവര്‍ത്തിക്കുക. ടാക്‌സി വിളിക്കുന്നതിനായി ജലഗതാഗത വകുപ്പ് ഒരു കേന്ദ്രീകൃത നമ്ബര്‍ നല്‍കും. ബോട്ടുകള്‍ക്ക് പ്രത്യേക റൂട്ട് ഉണ്ടാകില്ല. ബോട്ടുകള്‍ക്കായി ആലപ്പുഴയില്‍ സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്നാകും യാത്രക്കാര്‍ വിളിക്കുന്നിടത്തേക്ക് എത്തുക. ഒരു മണിക്കൂറിന് നിശ്ചിത നിരക്ക് എന്ന രീതിയിലായിരിക്കും സര്‍വീസ്. ആലപ്പുഴയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗത്തില്‍ എത്താന്‍ ഈ വാട്ടര്‍ ടാക്സികള്‍ ഉപകരിക്കും.

10 പേര്‍ക്ക് സഞ്ചരിക്കാം,​ പാസഞ്ചര്‍ ബോട്ടിന്റെ ഇരട്ടി വേഗം

ഒരു ബോട്ടില്‍ 10 പേര്‍ക്ക് സഞ്ചരിക്കാനാകും. ഡീസല്‍ എന്‍ജിനുള്ള ബോട്ടിന്റെ വേഗം മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (35 കിലോമീറ്റര്‍) ആണ്. ആലപ്പുഴയില്‍നിന്ന് ഒരു മണിക്കൂറിനകം കോട്ടയത്ത് എത്താം. സാധാരണ ബോട്ടിന് രണ്ടു മണിക്കൂര്‍ വേണ്ടിടത്താണിത്.

കൊല്ലത്തും വരും

ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി” ബോട്ട് കൊല്ലത്തേക്ക് നീട്ടുന്നുണ്ട്. രണ്ടു മാസത്തിനുള്ളില്‍ ബോട്ട് കൊല്ലത്തെത്തും. സ്റ്റീല്‍ കൊണ്ടുള്ള ഈ ഡബിള്‍ ഡക്കര്‍ ബോട്ടില്‍ 90 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. അഷ്ടമുടിക്കായലിന്റെ തീരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്.

വാട്ടര്‍ ടാക്സി

1. ഇന്ത്യന്‍ രജിസ്റ്റര്‍ ഒഫ് ഷിപ്പിംഗിന്റെ മാനദണ്ഡങ്ങളനുസരിച്ചാണ് നിര്‍മ്മാണം

2. വാട്ടര്‍ ടാക്സിയുടെ ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത് ഫൈബര്‍ ഉപയോഗിച്ച്‌

3. ചുരുങ്ങിയത് പത്ത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം

4. മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈല്‍ (35 കിലോ മീറ്റര്‍) വേഗത

5. ഓരോ ടാക്സിക്കും പ്രത്യേകം മൊബൈല്‍ നമ്ബരുണ്ടാകും

6. മൊബൈലില്‍ ബന്ധപ്പെട്ട് സഞ്ചാരികള്‍ക്ക് ഓട്ടം വിളിക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *