ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രി വീളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ 11നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ യോഗം നടക്കുക.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ദക്ഷിണമേഖല എഡിജിപി എസ്.അനില്‍കാന്ത്, ഇന്റലിജന്‍സ് മേധാവി ടി.കെ.വിനോദ്കുമാര്‍, ഐജി മനോജ് എബ്രഹാം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എസ്പിമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് വിവരം. യുവതി പ്രവേശനത്തിനിടെ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശബരിമലയില്‍ കൈക്കൊണ്ട നടപടികള്‍, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍നടപടികള്‍, രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തേക്കും.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ മുഖ്യമന്ത്രി, ആചാരങ്ങള്‍ തെറ്റിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പരാമര്‍ശത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്മണ്‍ കുടുംബമെന്നും കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ശബരിമല വിഷയം ചര്‍ച്ച ചെയ്യാനായി പൊലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *