ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി

പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. ഇന്നലെ മാത്രം 75 പേര്‍ അറസ്റ്റിലായി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 542 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്.

മുഖ്യമന്ത്രി യോഗം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടത്തിന് എത്തില്ലെന്ന് ഓഫീസ് ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചതായാണ് വിവരം. ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നില്ലെന്ന് സൂചനയുണ്ട്. ഇവരുടെ അഭാവത്തില്‍ സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക.

ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം. എന്നാല്‍ ഇത് മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലാത്തതിനാല്‍ യോഗത്തില്‍ പരിഗണിക്കില്ലെന്നാണ് സൂചന. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *