വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയ; ഒന്നിലേറെ മിസൈലുകള്‍ പരീക്ഷിച്ചു

ഐക്യരാഷ്ട്രസഭ ഏര്‍പെടുത്തിയ നിരോധനങ്ങളും യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പുകളും കാറ്റില്‍ പറത്തി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം വീണ്ടും. ആന്റി ഷിപ് ക്രൂയിസ് മിസൈലുകളാണ് ഇത്തവണ പരീക്ഷിച്ചത്. ഒന്നിലേറെ മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ റിപ്പോര്‍ട്ടു ചെയ്യുന്നു.

വ്യാഴാഴ്ച രാവിലെ വണ്‍സാന്‍ സിറ്റിയില്‍ നിന്നായിരുന്നു വിക്ഷേപണം. മിസൈല്‍ ഏകദേശം 200കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്.

നൂറുശതമാനം വിജയമല്ലെങ്കിലും കഴിഞ്ഞ മാസങ്ങളിലായി ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി എല്ലാ ആഴ്ചയും പരീക്ഷണം നടത്തിയതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 29ന് 450 കിലോമീറ്റര്‍ സഞ്ചരിച്ച സ്‌കഡ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു.

യു.എസുമായുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായികൊണ്ടിരിക്കവെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങള്‍ ആണവ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശം നല്‍കുകയാണ് ഉത്തരകൊറിയ.

കഴിഞ്ഞ വര്‍ഷവും രണ്ട് തവണ ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു.നിരന്തരമായ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്രസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇതിന് മുന്‍പ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ എത്തുന്ന മിസൈല്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയയുടെ ഏറ്റവും പുതിയ മിസൈല്‍ പരീക്ഷണവും പുതിയ ആശങ്കകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *