വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു ഭരണകാര്യാലയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരോധ സമരം

വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു ഭരണകാര്യാലയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരോധ സമരം വ്യാഴാഴ്ച പുലര്‍ച്ചെയും തുടരുന്നു. വൈസ് ചാന്‍സ്ലര്‍ അടക്കമുള്ളവര്‍ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങില്‍തന്നെ തുടരുകയാണ്.
അനാരോഗ്യം പരിഗണിച്ച്‌ സര്‍വകലാശാല രജിസ്ട്രാറെ കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചു. എന്നാല്‍ മറ്റ് ജീവനക്കാരെയോന്നും ഓഫീസില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെക്കുറിച്ച്‌ ആറ് ദിവസത്തിനുശേഷവും വിവരമൊന്നും ലഭിച്ചിട്ടില്ല.

വൈസ് ചാന്‍സ്ലര്‍ എം ജഗദീഷ് കുമാര്‍ രാത്രി 12.15 ന് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കാണാതായ എം.എസ്.സി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സര്‍വകലാശാല ജീവനക്കാരെ തടഞ്ഞുവെക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചുവെങ്കിലും ഉപരോധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായില്ല. പുറത്തിറങ്ങാന്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാത്തതിനാല്‍ ഓഫീസില്‍തന്നെ തുടരുകയാണെന്ന് 1.30 ന് വി.സി ട്വിറ്ററിലൂടെ അറിയിച്ചു.
പുറത്തിറങ്ങാന്‍ ശ്രമിച്ചുവെങ്കിലും വിദ്യാര്‍ഥികള്‍ അനുവദിച്ചില്ലെന്ന് 2.20 നും വി.സി ട്വീറ്റ് ചെയ്തു. ഓഫീസില്‍ തന്നെ തുടരുകയാണെന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും രാവിലെ 5.20 ന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെടാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഡല്‍ഹി പോലീസിന് സര്‍വകലാശാല അധികൃതര്‍ പുതിയ പരാതി നല്‍കുക, ഹോസ്റ്റലില്‍ അക്രമം നടത്തുന്നവരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *