വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ല; ബെന്നി ബെഹനാന്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെന്ന് ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന രഹിതമായ മാദ്ധ്യമവാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്നും രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം കണ്‍വീനര്‍സ്ഥാനവുമായി ബന്ധപ്പെട്ട മാദ്ധ്യമവാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചെന്നും പറഞ്ഞു.

നേരത്തേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് എം എം ഹസന് യുഡി എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കാനായി ബെന്നിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ ധാരണയായിരുന്നു. ഉമ്മന്‍ചാണ്ടിതന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ബെന്നി തയ്യാറായില്ല. അതോടെ കെ പി സി സി ഇക്കാര്യം ഹൈ കമാന്‍ഡിന് വിട്ടു. ഇതിനെത്തുടര്‍ന്നാണ് രാജി എന്നാണ് റിപ്പോര്‍ട്ട്. ബെന്നി രാജിവച്ചതോടെ എം എം ഹസന്‍ യു ഡി എഫ് കണ്‍വീനറായേക്കും എന്നാണറിയുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായപ്പോള്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് ശേഷം രാജി വക്കാമെന്ന് ബെന്നി അറിയിച്ചുവെന്നും ഇതനുസരിച്ചായിരുന്നു രാജിപ്രഖ്യാപനം എന്നുമാണ് കെ പി സി സിയുടെ വിശദീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *