വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും

വാക്സിൻ നി൪മാണ പ്രവ൪ത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തും. ഇതിനായി പ്രധാനപ്പെട്ട വാക്സിൻ നി൪മാണ കേന്ദ്രങ്ങളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദ൪ശിക്കും. അതിനിടെ രാജ്യത്തെ കോവിഡ് കേസുകൾ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു.

പ്രധാനമന്ത്രിയുടെ ആദ്യ സന്ദ൪ശനം അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകുമെന്നാണ് വിവരം. സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്സിനാണ് അവിടെ വികസിപ്പിക്കുന്നത്. ശേഷം പുനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒക്സ്ഫഡ് സ൪വകലാശാലയുമായി ചേ൪ന്ന് നി൪മിക്കുന്ന ആസ്ട്ര സെനേക വാക്സിന്‍റെ പുരോഗതി വിലയിരുത്തും. ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനായ കോവാക്സിൻ തയ്യാറാക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെകിലേക്ക് തിരിക്കും. ഒരു മണിക്കൂ൪ ചെലവഴിച്ച ശേഷം വൈകിട്ട് അഞ്ചരയോടെ ഡൽഹിക്ക് തിരിക്കുമെന്നാണ് വിവരം.

വാക്സിൻ നി൪മാണം അതിന്‍റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ നേരിട്ട് വലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഈ കേന്ദ്രങ്ങൾ സന്ദ൪ശിക്കുന്നത്. കോവിഡ് കേസുകൾ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നി൪ദേശം നൽകിയിരുന്നു. അതിനിടെ ഇന്നലെയും നാല്‍പതിനായിരത്തോളം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തു. ആകെ കോവിഡ് കേസുകൾ തൊണ്ണൂറ്റിമൂന്നര ലക്ഷത്തിലേക്ക് കടക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *