‘വര്‍ധ’ റെയില്‍-റോഡ്-വ്യോമ ഗതാഗതം താറുമാറാക്കി; തമിഴ്നാട്ടില്‍ രണ്ട് മരണം

ചെന്നൈ : തമിഴ്നാട്ടില്‍ നാശം വിതച്ച്‌ ‘വര്‍ധ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഉച്ചതിരിഞ്ഞ് 2.55ഓടെയാണ് സംസ്ഥാനത്ത് വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വരും മണിക്കൂറുകളില്‍ കാറ്റിന്‍റെ ശക്തി വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. പരമാവധി 192 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ റെയില്‍-വ്യോമ ഗതാഗതം താറുമാറായി. വൈദ്യുതി-ടെലിഫോണ്‍ ബന്ധങ്ങളും കാറ്റിനെ തുടര്‍ന്ന് നിശ്ചലമായി. ചെന്നൈയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.

ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള 13 ട്രെയിനുകളും ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടേണ്ട നാലു ട്രെയിനുകളുമാണ് റദ്ദാക്കിയിട്ടുള്ളത്. രാവിലെ മഴ ശക്തമായതോടെയാണ് ചെന്നൈ വിമാനത്താവളം അടച്ചത്. കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തമിഴ്നാട്ടില്‍ 7357 പേരെയും ആന്ധ്രയില്‍ 9,400 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് ടീമിനെ ആ​‍ന്ധ്രയിലും ഏഴ് ടീമിനെ തമിഴ്നാട്ടിലും വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന വക്താവ് സന്തോഷ് കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം. അതേസമയം ശക്തമായ കാറ്റില്‍ തമിഴ്നാട്ടില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
വൈകിട്ട് ആറു മണിയോടെ ചെന്നൈ വിമാനത്താവളം തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിന്‍ ഗതാഗതവും വൈകാതെ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *