വധശ്രമക്കേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തിൽ അപാകതയെന്ന് ട്രൈബ്യൂണല്‍

തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ അപാകതയെന്ന് ട്രൈബ്യൂണല്‍. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഇടപെടല്‍. വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പങ്കെടുത്ത് കെപിഎല്‍ സിവില്‍ പോലീസ് ബറ്റാലിയന്റെ കായിക ക്ഷമതാ പരിശോധനയില്‍ ക്രമക്കേടെന്ന പരാതിയിലാണ് ട്രൈബ്യൂണലിന്റെ നടപടി.അതേസമയം ഇവരുടെ നിയമനം അന്തിമ വിധിക്ക് വിധേയമായിരിക്കണം എന്ന് ട്രൈബ്യൂണല്‍ ഉത്തരവിറക്കി. പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

പി.എസ്.സി പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് നേടിയത്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തതിന് 13.58 മാര്‍ക്ക് അധികവും നേടി. ഇതുള്‍പ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്.രണ്ടാംപ്രതി നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്‍. പരീക്ഷയില്‍ 65.33 മാര്‍ക്കാണ് നസീം നേടിയത്.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയത് ഗൗരവതരമെന്ന് കേരള യൂണിവേഴ്‌സിറ്റി വെസ് ചാന്‍സിലര്‍ ഡോ വി.പി മഹാദേവന്‍ പിള്ള പറഞ്ഞു. സംഭവത്തില്‍ കോളേജ് അദികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വിസി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പരീക്ഷകള്‍ പരിശോധിക്കുമെന്നും വീഴ്ച പറ്റിയെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോളേജില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വെസ് ചാന്‍സിലര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *