രാജമല ദുരന്തം: അഞ്ച് ലക്ഷം സഹായം ആദ്യഗഡു; പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത് ആദ്യഗഡു മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുമെന്നാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേപ്പറ്റി വ്യക്തമാക്കിയില്ലെന്നേ ഉള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം കൊടുത്തില്ലെന്നാണ് തെറ്റിദ്ധാരണ മൂലമോ ബോധപുര്‍വമോ ചിലര്‍ ആരോപണം ഉന്നയിച്ചത്. മുമ്ബത്തേക്കാള്‍ അധികം തുക ആദ്യ ഗഡുവായി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നാല് ലക്ഷമല്ല, അഞ്ച് ലക്ഷമാണ് അവര്‍ക്ക് ആദ്യ ഗഡുവായി പ്രഖ്യാപിച്ചത്. അതോടെ സര്‍ക്കാര്‍ സഹായം അവസാനിക്കുന്നില്ല. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സ്ഥലത്ത് തന്നെ അവര്‍ക്ക് വീണ്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാതെ വരും. അപ്പോള്‍ വീട് നിര്‍മ്മിക്കാന്‍ വേറെ സ്ഥലം കണ്ടെത്തേണ്ടി വരും. സ്ഥലം ഏറ്റെടുക്കുകയും വീട് നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണ്ടി വരും. അവര്‍ക്ക് ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തെല്ലാം സഹായം ചെയ്യേണ്ടതുണ്ടോ അവയെക്കുറിച്ചെല്ലാം സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യേണ്ടി വരികയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദ്യഘഡു ധനസഹായമാണ് രാജമലയില്‍ ദുരന്തം നേരിടേണ്ടി വന്നവര്‍ക്ക് പ്രഖ്യാപിച്ചത്. മറ്റ് കാര്യങ്ങള്‍ പിന്നീട് ആലോചിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കാലത്തും അങ്ങനെ തന്നെയാണ് ചെയ്തത്. അവരെ കൈയൊഴിയുകയില്ല. ഇത്തരം ദുരിതം നേരിടേണ്ടി വന്നവരെ പുനരധിവസിപ്പിക്കുകയാണ് മുമ്ബും ചെയ്തിട്ടുള്ളത്. രാജമലയുടെ കാര്യത്തിലും അങ്ങനെ തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *