യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍

ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്.

‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു.

ഐക്യവും സാഹോദര്യവുമാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയേ പുരോഗതിയുണ്ടാവൂ. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ പേര് പറയാതെയാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്. കതിഹാറിലെ റാലിയിലാണ് യോഗി ആദിത്യനാഥ്, നുഴഞ്ഞുകയറ്റ പ്രശ്‌നത്തിന് മോദിജി ഒരു പരിഹാരം കണ്ടെത്തിയെന്ന് പറഞ്ഞത്- ‘പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ അതിക്രമത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ മോദി ഉറപ്പുവരുത്തി. അതോടൊപ്പം രാജ്യസുരക്ഷക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും. രാജ്യ സുരക്ഷയും പരമാധികാരവും കുഴപ്പത്തിലാക്കുന്ന ആരെയും ഞങ്ങള്‍ സഹിക്കില്ല’- എന്നാണ് യോഗി പറഞ്ഞത്.

നിതീഷിന്‍റെ പരസ്യ പ്രതികരണത്തിലൂടെ ബിഹാറിലെ എന്‍ഡിഎയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ തന്നെ ബിജെപിയുടെ പോസ്റ്ററുകളില്‍ നിതീഷിന് ഇടമില്ല. ബിജെപിയും എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയ എല്‍ജെപിയും കൂടി ജെഡിയുവിനെ കാലുവാരുകയാണോ എന്ന സംശയവും പാര്‍ട്ടിക്കുള്ളിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *