യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍; ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പോലീസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച്‌ സിബിഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്പോഴാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് കോടതിയുടെ ആശങ്ക രേഖപ്പെടുത്തിയത്.

വിഷയത്തില്‍ മറുപടി തേടി സിബിഐക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ അടുത്ത മാസം 12ന് വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ 2017 മാര്‍ച്ചിന് ശേഷം നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്. കൊടുംകുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് യുപിയില്‍ നടന്നത്. അടുത്തിടെ യുഎന്‍ മനുഷ്യാവകാശ കമ്മീഷനും യുപിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഒരു വര്‍ഷത്തിനിടെ യുപിയില്‍ 1,300 ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും 3,124 പേര്‍ ഏറ്റുമുട്ടലിനിടെ അറസ്റ്റിലാകുകയും ചെയ്തു. നാല് പോലീസുകാരും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *