യുഡിഎഫിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി എംഎം മണി;അവിശ്വാസ പ്രമേയം ചവറ്റുകൊട്ടയില്‍ പോകും

യുഡിഎഫിനെതിരെ ആഞ്ഞടിച്ച്‌ മന്ത്രി എംഎം മണി. സര്‍ക്കാരിനെതിരേയും സ്പീക്കര്‍ക്കെതിരെയും യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയങ്ങള്‍ ചവറ്റുകൊട്ടയില്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഏതു രീതിയിലും സര്‍ക്കാരിന്റെ ശ്രദ്ധ തിരിച്ച്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവരുടെ ഇത്തരം പ്രവര്‍ത്തികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. പോസ്റ്റ് വായിക്കാം.

സംസ്ഥാന സര്‍ക്കാരിനെതിരെയും നിയമസഭാ സ്പീക്കര്‍ക്കെതിരെയും യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നു. ഈ അവിശ്വാസ പ്രമേയങ്ങള്‍ ചവറ്റുകുട്ടയില്‍ പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.മഹാമാരിമൂലം നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും സ്ഥിതി ഭയാനകമാണ്. രാജ്യത്തെ അവസ്ഥ ഇങ്ങനെയായിരിക്കെ, നമ്മുടെ സംസ്ഥാനം അപകടാവസ്ഥയിലേക്ക് പോകാതെ നോക്കുന്ന കഠിന ശ്രമത്തിലാണ് സര്‍ക്കാരും കഴിഞ്ഞ ആറു മാസത്തിലേറെയായി വിശ്രമമില്ലാതെ ജോലി നോക്കുന്ന ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാരും. ഇതിനോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസവും, ആത്മവിശ്വാസവും പകര്‍ന്നുകൊണ്ട് വിവിധ ക്ഷേമ പരിപാടികളും സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.ഈ സന്ദര്‍ഭത്തില്‍ യുഡിഎഫും ബിജെപിയും ഒത്തൊരുമിച്ച്‌ രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ക്കണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടും, മാസ്കുകള്‍ വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ടും “സമൂഹ വ്യാപനം” എന്ന ഹിഡന്‍ അജണ്ടയുമായി സമരങ്ങള്‍ നടത്തുകയായിരുന്നു.

ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം സമരം നിറുത്തേണ്ടി വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല അവിശ്വാസ പ്രമേയവുമായി രംഗത്ത് വന്നിരിക്കുന്നു. ഏതു രീതിയിലും സര്‍ക്കാരിന്റെ ശ്രദ്ധ തിരിച്ച്‌ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. ഇവരുടെ ഇത്തരം പ്രവര്‍ത്തികള്‍ ജനങ്ങളോടുള്ള വെല്ലുവിളിയും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ആത്മവിശ്വാസം കെടുത്തുന്നതുമാണ്.സന്ദര്‍ഭം നോക്കാതെ ചാടിക്കളിക്കുന്ന ചെന്നിത്തലയ്ക്ക് ഇനിയെങ്കിലും “കോമണ്‍ സെന്‍സ്” ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *