യുഎസില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ ഭാര്യയും

കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും തോക്കുധാരിയുടെ ആക്രമണം. തെക്കന്‍ കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡില്‍ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തു. കൊലപ്പെട്ടവരില്‍ ഒരാള്‍ അക്രമിയുടെ ഭാര്യയാണ്.

ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.19നാണു വെടിവെപ്പ് നടന്നത്. അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെയുള്ള ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു തുടര്‍ന്ന് അക്രമി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത്. ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നു. തുടര്‍ന്ന് ഇയാളുമായി തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊല്ലുകയായിരുന്നു.

വെടിവെപ്പ് സംബന്ധിച്ചു പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ച ഉടനെ തങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ മൂന്നു പേരെ വധിച്ച പ്രതി സ്ഥലംവിട്ടിരുന്നതായി കേണ്‍ കൗണ്ടി ഷെരീഫ് ഓഫിസിലെ ലഫ്റ്റനന്റ് മാര്‍ക്ക് കിങ് അറിയിച്ചു. തുടര്‍ന്നു മറ്റൊരിടത്തു രണ്ടു പേരെ കൂടി കൊലപ്പെടുത്തിയ ഇയാള്‍ പൊലീസിനെ കണ്ടപ്പോള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. വലിയ കാലിബര്‍ കൈത്തോക്കാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്നും സംഭവത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കാനായി 30ല്‍ അധികം ദൃക്‌സാക്ഷികളില്‍നിന്നു മൊഴിയെടുത്തു വരികയാണെന്നും കിങ് വ്യക്തമാക്കി. അക്രമത്തിനു പിന്നിലെ പ്രേരണ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

തോക്കുധാരികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ യുഎസില്‍ പതിവാണ്. ലോക ജനസംഖ്യയുടെ നാലു ശതമാനം മാത്രമെ വരുന്നുള്ളുവെങ്കിലും 40 ശതമാനം തോക്കുകളും കൈവശം വച്ചിരിക്കുന്നത് അമേരിക്കകാരാണ്. ആഗോളതലത്തില്‍ 857 ദശലക്ഷം സാധാരണ പൗരന്‍മാരുടെ കൈവശം തോക്കുള്ളപ്പോള്‍, ഇതില്‍ 393 ദശലക്ഷവും യുഎസിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *