മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി. ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എംപിമാരെല്ലാം ഇന്നു സഭയിലുണ്ടാകുമെന്ന് ഉറപ്പാക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടാല്‍ ഭരണകക്ഷിയെ മുട്ടുകുത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. 244 അംഗ സഭയില്‍ കോണ്‍ഗ്രസിനു പുറമേ 14 കക്ഷികളും സ്വതന്ത്രരും നോമിനേറ്റഡ് അംഗവും ചേരുമ്പോള്‍ പ്രതിപക്ഷത്തിന്റെ അംഗബലം 117 ആകും. അണ്ണാ ഡിഎംകെ (13) കൂടി ചേര്‍ന്നാല്‍ 130 ആകും. ബില്ലിനെ രാജ്യസഭയിലും എതിര്‍ക്കുമെന്ന് അണ്ണാഡിഎംകെ നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. ബില്ലിനെ ഡിഎംകെയും എതിര്‍ക്കുമെന്നും ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു നിലപാടെന്നു കനിമൊഴി എംപി പറഞ്ഞു. ബിജെഡി (9), ടിആര്‍എസ് (6) എന്നിവ ഒപ്പം നിന്നാലും 113നു മുകളില്‍ ഭരണകക്ഷിയുടെ അംഗബലം ഉയരില്ലെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു 3 വര്‍ഷം ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും വിവാദ വ്യവസ്ഥ ഒഴിവാക്കാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

ഇതിനിടെ, പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് എംപിമാര്‍ക്കു കത്തയച്ചു. ബില്‍ കിരാതവും മുസ്‌ലിം സമുദായത്തിനു നേര്‍ക്കുള്ള കടന്നു കയറ്റവുമാണെന്നു ബോര്‍ഡ് വനിതാ വിഭാഗം മേധാവി ഡോ. അസ്മ സെഹ്‌റ കത്തില്‍ പറയുന്നു. സിവില്‍ നിയമത്തിന്റെ ഭാഗമായുള്ള മുസ്‌ലിം വിവാഹ ഉടമ്പടിയില്‍ ക്രിമിനല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മറ്റു മതങ്ങളിലും വിവാഹമോചനം നിലനില്‍ക്കെ, മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ക്കു മാത്രമുള്ള പ്രത്യേക നിയമം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിത്. ബില്ലിനെതിരെ മുന്‍പ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ രണ്ടു കോടിയിലധികം മുസ്!ലിം വനിതകള്‍ പങ്കെടുത്തു. സമുദായം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത സര്‍ക്കാര്‍, ബില്‍ അടിച്ചേല്‍പിക്കുകയാണെന്നും കത്തില്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *