മിഷേലിന്റെ ഫോണും ബാഗും കണ്ടെത്താന്‍ കായലില്‍ തെരയും

കൊച്ചി കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേലിന്റെ മൊബൈല്‍ഫോണും ബാഗും കണ്ടെത്താന്‍ കായലില്‍ പരിശോധന നടത്തും. മത്സ്യത്തൊഴിലാളികളുടെയും മുങ്ങല്‍വിദഗ്ധരുടെയും സഹായത്തോടെ പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. അതേസമയം, ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ക്രോണിന്‍ മുമ്പ് മിഷേലിനെ ഉപദ്രവിച്ചതായി മിഷേലിന്റെ സുഹൃത്ത് അന്വേഷണസംഘത്തോട് പറഞ്ഞു. ഹോസ്റ്റലിനു സമീപത്തുവച്ച് ക്രോണിന്‍ മര്‍ദിച്ചെന്ന് മിഷേല്‍ പറഞ്ഞതായാണ് സുഹൃത്തിന്റെ മൊഴി. എന്നാല്‍ ഇക്കാര്യം ക്രോണിന്‍ നിഷേധിച്ചു.

ക്രോണിനില്‍നിന്ന് മിഷേലിന് നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നതായും സുഹൃത്ത് അന്വേഷണസംഘത്തോട് പറഞ്ഞു. താനുമായി മിഷേലിന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും കാര്യങ്ങള്‍ തുറന്നുപറയാറുണ്ടായിരുന്നു എന്നും സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ട്.

മിഷേലിന്റെത് ആത്മഹത്യയാണെന്ന നിഗമനത്തില്‍തന്നെയാണ് അന്വേഷണസംഘം. പൊലീസിനു ആദ്യം ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മിഷേലിന്റെ സമീപത്തുകൂടി കടന്നുപോയ ബൈക്ക് സംശയാസ്പദമായാണ് കണ്ടത്. എന്നാല്‍, പിന്നീട് ലഭിച്ച ദൃശ്യങ്ങളില്‍ ഇങ്ങനെയൊരു ബൈക്ക് കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ ഇത് യാദൃശ്ചികമാണെന്ന് പൊലീസ് കരുതുന്നു. ഇതേ നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും. ബൈക്ക് കണ്ടെത്തി അക്കാര്യത്തില്‍ വ്യക്തതവരുത്തും. ഇതിനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഹൈക്കോടതി ജങ്ഷനിലെത്തി മിഷേല്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ഈ പരിസരത്തു നിന്നുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ശേഖരിച്ചു.

മിഷേലിന്റെ ഫോണും ബാഗും കണ്ടെത്തുക എന്നത് കേസില്‍ നിര്‍ണായകമാണ്. ഏതു വിധേനയും അത് കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *