മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവം: സി.ബി.ഐ അന്വേഷണ ഹരജി ഹൈകോടതി തള്ളി

നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ മാവോയിസ്റ്റുകളായ കുപ്പു സ്വാമിയും അജിതയും വെടിയേറ്റു മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലിസ് നടപടി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും സുപ്രീം കോടതിയുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി പി. യു. സി. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എ പൗരനാണ് ഹരജി നല്‍കിയിരുന്നത്. പൊലിസ് കേസ് എടുത്തില്ലെന്ന കാരണത്താല്‍ ഉടന്‍ ഹൈകോടതിയെ സമീപിക്കേണ്ടതില്ലെന്നും ഹരജിക്കാരന് പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
2016 നവംബര്‍ 24നാണ് കരുളായ് വനമേഖലയിലെ ഉണക്കപ്പാറയില്‍ മാവോയിസ്റ്റ് വേട്ടയ്ക്കു നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രസമിതി അംഗം കുപ്പു ദേവരാജും പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതി അംഗം അജിതയും കൊല്ലപ്പെട്ടത്. 12 അംഗ മാവോയിസ്റ്റ് സംഘം തങ്ങള്‍ക്ക് നേരെ വെടിവെച്ചെന്നും പ്രതിരോധിക്കാന്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസിന്റെ വാദം. തെരച്ചില്‍ നടത്തുകയായിരുന്ന പൊലീസിന് നേരെ മാവോവാദികള്‍ വെടിയുതിര്‍ത്തെന്ന കേസാണ് എടക്കര പോലിസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ ആക്രമിച്ചതിന് തെളിവില്ലെന്നിരിക്കെ കുപ്പുസ്വാമിയും അജിതയും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസ് തയാറായില്ലെന്നായിരുന്നു ഹരജിയിലെ വാദം. ആരോപണ വിധേയരായ തണ്ടര്‍ബോള്‍ട്ട് കേരളാ പൊലീസിന്റെ ഭാഗമായതിനാല്‍ അവര്‍ തന്നെ നടത്തുന്ന അന്വേഷണം ഗുണം ചെയ്യില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *