മാലിന്യസംസ്‌കരണത്തില്‍ വന്‍വീഴ്ച;തിരുവനന്തപുരം കോര്‍പ്പറേഷന് 14.59 കോടി രൂപ പിഴ

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തില്‍ വന്‍വീഴ്ച വരുത്തിയ തിരുവനന്തപുരം കോര്‍പ്പറേഷന് ഭീമന്‍തുക പിഴ. തിരുവനന്തപുരം കോര്‍പറേഷനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.59 കോടി രൂപയാണ് പിഴയിട്ടത്. കേരളത്തില്‍ ഇതാദ്യമായാണു മാലിന്യസംസ്‌കരണ രംഗത്തെ വീഴ്ചകള്‍ക്കു തദ്ദേശ സ്ഥാപനത്തിന് ഇത്രയും വലിയ പിഴയിടുന്നത്.

കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണല്‍ ചട്ടപ്രകാരം പരിസ്ഥിതി നഷ്ടപരിഹാരമായാണു പിഴയിട്ടത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ ഈ വര്‍ഷം ജൂലൈ 31 വരെയുള്ള കാലത്തെ ചട്ടപ്രകാരമുള്ള പിഴയാണിത്. വിളപ്പില്‍ശാലയിലെ പ്ലാന്റ് അടച്ചുപൂട്ടിയതോടെ വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണത്തിലും സംസ്‌കരണത്തിലും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും ഈ അലംഭാവത്തിനാണ് പിഴയിട്ടതെന്നും ബോര്‍ഡിന്റെ നോട്ടീസില്‍ പറയുന്നു. നോട്ടീസിനു 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

നഗരപരിധിയിലെ 2.72 ലക്ഷം വീടുകളില്‍ നിന്നു പ്രതിദിനം 383 ടണ്‍ മാലിന്യമുണ്ടാകുന്നുണ്ട്. ഇതില്‍ 175 ടണ്‍ മാത്രമേ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുള്ളൂ. നഗരങ്ങളിലെ ശുചിത്വത്തിന്റെ നിലവാരമറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ 425 നഗരങ്ങളില്‍ 365-ാം സ്ഥാനമാണു തിരുവനന്തപുരത്തിനു ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *