മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ് കേരളം പുരസ്ക്കാരം അവർക്ക് സമർപ്പിക്കുന്നു;കനി കുസൃതി

മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ് കേരളമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും നടി കനി കുസൃതി. അവാര്‍ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്നും കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും കനി കുസൃതി പ്രതികരിച്ചു.

നമ്മുടെ ആദ്യത്തെ നടിയെന്ന് പറയുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ ദലിത് സ്ത്രീയാണ്. അവരൊരു ഉയര്‍ന്ന ജാതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ പേരില്‍ ഈ നാട്ടില്‍ നിന്ന് തന്നെ പറഞ്ഞു വിട്ട ഒരു ചരിത്രമാണുള്ളത്. ഇപ്പോഴും മുഖ്യധാരയിലുള്ള നായിക നിരയിലാണെങ്കിലും മുഖ്യധാര കഥാപാത്രങ്ങളാണെങ്കിലും ജാതിപരമായിട്ടുള്ള വിവേചനമുള്ളത് പോലെയാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് കനി കുസൃതി പറഞ്ഞു. തന്‍റെ ആദ്യ മുഴുനീള മലയാള ചിത്രമാണ് പുറത്തിറങ്ങിയ ബിരിയാണിയെന്നും ചിത്രം ഇത് വരെ മുഴുവനായും കാണാന്‍ സാധിച്ചില്ലെന്നും കനി പറഞ്ഞു. നാടകമാണ് താന്‍ കൂടുതലായും ചെയ്തിട്ടുള്ളതെന്നും താന്‍ ഒരു നടിയായി അറിയപ്പെടണം എന്നാണ് ആഗ്രഹിച്ചിട്ടുള്ളതെന്നും അത് സിനിമയായാലും നാടകമായാലും തനിക്ക് ഒരുപോലെയാണെന്നും കനി കൂട്ടിച്ചേര്‍ത്തു.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെയാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് 2-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലും ബിരിയാണിയിലെ അഭിനയമികവിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *