ബൈ ബൈ തികോര്‍;13-ാം ഗെയിംസ് 2019ല്‍ നേപ്പാളില്‍

ഈ ഭൂമിയൊരു കളിക്കളം… സമാധാനം വികസനം ഐശ്വര്യം… അതിരുകള്‍ മാഞ്ഞ് ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങള്‍ ബ്രഹ്മപുത്രയിലെ തെളിനീരു പോലെ ഒന്നായി ഒഴുകിയ പകലിരവുകള്‍. വടക്കുകിഴക്കിനെ ആഹ്ലാദാരങ്ങളില്‍ ആറാടിച്ച് 12 ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് ഗുവാഹത്തിയിലും ഷില്ലോങിലും കൊടിയിറങ്ങി. ചരിത്രം ആവര്‍ത്തിച്ച് ഒരിക്കല്‍ കൂടി ഇന്ത്യ കിരീടം ചൂടി. 4500 കായിക താരങ്ങള്‍, ഒഫീഷ്യലുകള്‍, 3000 വളന്റിയര്‍മാര്‍, അതിരുകള്‍താണ്ടിയെത്തിയ കളിയെഴുത്തുകാര്‍. 12 പകലിരവുകള്‍ ദക്ഷിണേഷ്യന്‍ കായിക പോരാട്ടത്തെ നെഞ്ചിലേറ്റിയവര്‍ നിറഞ്ഞ സംതൃപ്തിയുമായാണ് ബ്രഹ്മപുത്രയുടെ തീരത്തെ ഗുവാഹത്തിയോടും മേഘങ്ങളുടെ നാടായ മേഘാലയയിലെ ഷില്ലോങിനോടും നന്ദിയോടെ വിടചൊല്ലിയത്. വിസ്മയ ചെപ്പിലൊളിപ്പിച്ച വടക്കുകിഴക്കിന്റെ സാംസ്‌കാരിക കലാവിരുന്നൊരുക്കി തുടക്കമിട്ട സാഗിന് കൊടിയിറങ്ങിയതും ലേസര്‍ രശ്മികള്‍ തീര്‍ത്ത വര്‍ണ പ്രപഞ്ചത്തോടെയായിരുന്നു. സാരേ ജഹാംസെ അച്ചാ…ബ്യൂഗിളിന്റെ അകമ്പടിയില്‍ സശസ്ത്ര സീമാ ബെല്‍ സൈനികര്‍ തീര്‍ത്ത നാദവിസ്മയവുമായാണ് 12 ാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന്റെ സമാപനത്തിന് തുടക്കമായത്. സരൂസജോയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്്‌റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗെഗോയി മുഖ്യാതിഥിയായി. കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ് സോനോവാളും നേപ്പാള്‍, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ കായിക മന്ത്രിമാരും പങ്കെടുത്തു. പ്രകാശരശ്മികളുടെ മായിക വലയത്തില്‍ വര്‍ണംവിതറിയ കരിമരുന്നിന്റെ അകമ്പടിയില്‍ ഗെയിംസ് ദീപം അണഞ്ഞു. 2019 ല്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടക്കുന്ന 13 ാമത് ഗെയിംസിനായി പതാക ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ രാമചന്ദ്രനില്‍ നിന്നും നേപ്പാള്‍ കായിക മന്ത്രി സത്യനാരായണ്‍ മണ്ഡല്‍ ഏറ്റുവാങ്ങി. 13 ാമത് ഗെയിംസിന്റെ സന്ദേശം നേപ്പാള്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് ജീവന്‍ റാം ശ്രേഷ്്ഠ കൈമാറി. ഇതോടെ നേപ്പാളിന്റെ സാംസ്‌കാരികതയും വൈവിധ്യവും വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരം സ്‌ക്രീനില്‍ തെളിഞ്ഞു.
തൊട്ടുപിന്നാലെ മൈതാനത്തെ പ്രത്യേക വേദിയില്‍ ദക്ഷിണേഷ്യയെ ഒന്നാകെ 13 ാം ഗെയിംസിലേക്ക് സ്വാഗതമോതി നേപ്പാളി ദേശീയ കലാവിരുന്നും നടന്നു. വടക്കുകിഴക്ക് സാംസ്‌കാരിക തനിമയും പരമ്പരാഗത നൃത്ത രൂപങ്ങളും സമാപനത്തിന് മാറ്റുക്കൂട്ടി. ഈ ഭൂമിയൊരു കളിക്കളം… വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രിയപ്പെട്ട കവി ഭൂപന്‍ ഹസാരികയുടെ വരികളുമായി ബ്രഹ്മപുത്ര ബല്ലാഡിയേഴ്‌സ് ഗായകന്‍ മയൂഖ് ഹസാരികയുടെ നാദവിസ്മയത്തോടെ സാഗിന് സമാപനമായി. ഇനി നേപ്പാളിലേക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *