രാജ്യത്തെ പിന്നാക്കക്കാരുള്‍പ്പെടുന്ന എല്ലാ വിഭാഗം ഹിന്ദുക്കളുടെയും സംരക്ഷകരാകാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പി. രണ്ടു ശതമാനമുള്ള ഒരു വിഭാഗം ഹിന്ദുക്കള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്ക് ഒരിക്കലും എല്ലാ വിഭാഗം ഹിന്ദുക്കളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. എന്നാല്‍, ഡി.എം.കെ അവഗണിക്കപ്പെടുന്ന ഹിന്ദുക്കളുടെ ഉന്നമനത്തിനായാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത് -നാഗര്‍കോവിലില്‍ ഡി.എം.കെ സംഘടിപ്പിച്ച യോഗത്തില്‍ കനിമൊഴി പറഞ്ഞു.
തമിഴ് ജനതക്കെതിരെ കൊണ്ടുവരുന്ന എല്ലാ കേന്ദ്രപദ്ധതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന നിലപാടാണ് തമിഴ്നാട് മുഖ്യമന്ത്രിക്കുള്ളത്. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി കഴിയാന്‍ പറ്റാത്ത സംസ്ഥാനമായി തമിഴ്നാട് മാറിയിരിക്കുകയാണ്. പൊള്ളാച്ചി സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്ബോള്‍ സര്‍ക്കാര്‍ മൗനത്തിലാണ്. കര്‍ഷകനിയമം നടപ്പായാല്‍ റേഷന്‍ കടകള്‍ വഴിയുള്ള പൊതുവിതരണം നിലക്കും. പാചകവാതക വില ദിനംപ്രതി വര്‍ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നും അവര്‍ പറഞ്ഞു.
സുരേഷ് രാജന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. എസ്. ആസ്റ്റിന്‍ എം.എല്‍.എ, അഡ്വ. മഹേഷ്, മുന്‍ എം.പി ഹെലന് ഡേവിഡ്സണ് തുടങ്ങിയവര്‍ സംസാരിച്ചു.