ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി പി കെ ശ്രീമതി

കണ്ണൂര്‍: സിപിഎം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി എം. പി. ,ബിജെപി. നേതാവ് ബി. ഗോപലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പി.കെ. ശ്രീമതി എം. പി.യെ അപകീര്‍ത്തിപ്പെടുത്തും വിധം ചാനല്‍ ചര്‍ച്ചകളില്‍ ആരോപണം ഉന്നയിച്ചെന്നാരോപിച്ചാണ് ഗോപാലകൃഷ്ണനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. മന്ത്രിയായിരിക്കെ പി കെ ശ്രീമതി അനധികൃത ഇടപെടലുകള്‍ നടത്തി എന്ന് ഗോപാലകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളില്‍ ആരോപണമുന്നയിച്ചിരുന്നു.

അത് ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് ശ്രീമതി പരാതി നല്‍കിയിരുന്നു. പരാതി വിശദമായി പരിശോധിച്ച ശേഷം ആഭ്യന്തരവകുപ്പാണ് പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 199 (4 ) എ അനുസരിച്ചു കേസ് നിലനില്‍ക്കുന്നതാണെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തി. ആരോഗ്യമന്ത്രി ആയിരിക്കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുവേണ്ടി അനധികൃത ഇടപെടല്‍ നടത്തുക വഴി അഴിമതിക്ക് കൂട്ടുനിന്നുവെന്ന ഗോപാലകൃഷ്ണന്റെ ആക്ഷേപത്തിനെതിരെയാണ് ശ്രീമതി പരാതി നല്‍കിയത്.

തന്റെ മകന് ഒരു മരുന്നു വിതരണ കമ്പനിയുമായും ബന്ധം ഇല്ലെന്നിരിക്കെ രാഷ്ട്രീയ മുതലെടുപ്പിന്റെ പേരില്‍ തന്നെയും കുടുംബത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനും പൊതുജനമധ്യത്തില്‍ ഇകഴ്‌ത്തിക്കാട്ടാനുമുള്ള ബോധപൂര്‍വ ശ്രമമാണ് നടന്നതെന്നും നോട്ടീസിലും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *