ബിജെപി ആത്മ പരിശോധനയിലേയ്ക്ക്; നിര്‍ണായക യോഗം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ ബിജെപി ആത്മപരിശോധനയിലേയ്ക്ക്. പഴുതടച്ച പ്രചാരണം നടത്തിയിട്ടും ബൂത്തു മുതല്‍ സംസ്ഥാന തലം വരെ പാര്‍ട്ടി യന്ത്രം എണ്ണയിട്ട പോലെ പ്രവര്‍ത്തിച്ചിട്ടും എന്തു സംഭവിച്ചു. ഇന്നു വിളിച്ചിരിക്കുന്ന നേതൃയോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ യുടെ ശ്രമം ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തത് അമിത് ഷാ തന്നെ. യോഗി 74 യോഗങ്ങളില്‍ പ്രസംഗിച്ചപ്പോള്‍ അമിത് ഷാ 58 പാര്‍ട്ടി പരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തു. അതിലുപരി, ഓരോ സംസ്ഥാനത്തും വ്യാപകമായി സഞ്ചരിച്ചു തന്ത്രങ്ങള്‍ക്കു രൂപം കൊടുത്തു. ആസൂത്രണം ചെയ്ത കാര്യങ്ങള്‍ വേണ്ടവിധം നടക്കുന്നുണ്ടോയെന്നു സമയക്രമം വച്ച് ഉറപ്പാക്കി. എന്നിട്ടും ബിജെപി പിന്നിലായി.

തുടര്‍ച്ചയായി മൂന്നു വട്ടം അധികാരത്തിലിരുന്ന സംസ്ഥാനങ്ങള്‍ കൈവിട്ടു പോയതു സ്വാഭാവികമെന്ന ന്യായം അമിത് ഷായെന്ന അത്യധ്വാനിക്കു സ്വീകാര്യമല്ല. മധ്യപ്രദേശില്‍ ആറു സീറ്റിന്റെ കുറവിലാണു ഭരണം കൈവിട്ടത്. ഛത്തീസ്ഗഡില്‍ അതിശക്തമായ അടിയൊഴുക്കില്‍ പാര്‍ട്ടിക്കു ചുവടു തെറ്റി. സര്‍ക്കാരുകളെ മാറി പരീക്ഷിക്കുന്ന പതിവുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസ് 100 കടക്കാനാവാതെ കിതച്ചിട്ടും ബിജെപിക്കു മുന്നേറ്റം സാധ്യമായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുമ്പോള്‍ പ്രശ്‌നകാരണം കണ്ടെത്തേണ്ടത് അത്യാവശ്യം.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, യുപി, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക എന്നീ എട്ടു സംസ്ഥാനങ്ങളില്‍ നിന്നാണു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 221 സീറ്റു നേടിയത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 65ല്‍ 62 സീറ്റും ബിജെപിക്കായിരുന്നു. യുപിയില്‍ 80ല്‍ 71ഉം. നേട്ടത്തിന്റെ ഈ കൊടുമുടിയില്‍ നിന്ന് കുറച്ചു പിന്നാക്കം പോകേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഇതുവരെ അടുത്ത തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വന്നത്.

എട്ടു സംസ്ഥാനങ്ങളിലെ നഷ്ടം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും ബംഗാളിലും നിന്നു നികത്താനാവാമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഹിന്ദിമേഖലയില്‍ കാലിനടിയിലെ മണ്ണു പാടേ ഒലിച്ചുപോയാല്‍?. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളിയെ അതിജീവിക്കാനായില്ലെങ്കില്‍. അതുകൊണ്ട്, കൃത്യമായ വിലയിരുത്തലുകളും അടിയന്തര തിരുത്തല്‍ നടപടികളും അനിവാര്യം. പഴയ തന്ത്രങ്ങള്‍ ഉടച്ചുവാര്‍ക്കാനും പുതിയ സമീപനങ്ങള്‍ക്കു രൂപം നല്‍കാനും പാര്‍ട്ടി നിര്‍ബന്ധിതമാവുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *